

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ അറസ്റ്റ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത് താന്ത്രിക വിധികൾ പാലിക്കാതെയാണ്. ആചാരപ്രകാരം ദേവന്റെ അനുജ്ഞ വാങ്ങിയില്ല. തന്ത്രിയുടെ അനുമതിയോടെയല്ല ശബരിമലയിൽനിന്നും കട്ടിളപ്പാളികളും മറ്റും ഇളക്കിക്കൊണ്ട് പോയതെങ്കിൽ രാജീവര് അതിനെ കുറിച്ച് ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിക്കുകയോ ആചാര ലംഘനം നടത്തി മുതലുകൾ കൊണ്ട് പോയതിനെതിരെ യാതൊരു നടപടികളും സ്വീകരിക്കുകയോ ചെയ്യാതെ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ 13ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.സ്വർണക്കൊള്ള നടന്ന വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശായ്പദമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണ്. തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കണ്ഠരര് രാജീവരർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. ഉണ്ണികൃഷണൻ പോറ്റിയുമായുള്ള ഇടപ്പാടുകൾക്ക് തന്ത്രി നേതൃത്വം നൽകി. തന്ത്രിയുടെ ഇടപ്പെടൽ എസ്ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും എ പത്മകുമാറിൻ്റെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ച ലാഭത്തിൻ്റെ പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Content Highlights : sabarimala gold theft case; SIT arrest report about tantri Kandararu Rajeevaru