

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന നേട്ടവുമായി ചിത്രം കുതിപ്പ് തുടരുകയാണ്. ആഗോള കളക്ഷൻ 83 കോടിയാണ് ചിത്രം പിന്നിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റീലീസ് തീയതി പങ്കിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോണി ലീവിലൂടെ ചിത്രം ജനുവരി 16 ന് എത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ സ്ട്രീം ചെയ്യും.
ഡിസംബർ 5 ന് ആഗോള റിലീസായി എത്തിയ ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും കളങ്കാവൽ സ്വന്തമാക്കിയിരുന്നു.
ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നിവക്ക് ശേഷം 50 കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. 82 കോടിയോളം ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡിന്റെ റെക്കോർഡ് ചിത്രം മറികടന്നിരുന്നു. 85 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഭീഷ്മപർവമാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ്.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിക്കുന്ന ചിത്രത്തിൽ, പ്രതിനായകനായി അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചത്. ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അമ്പരപ്പിച്ച ചിത്രം കൂടിയായി കളങ്കാവൽ മാറി. മമ്മൂട്ടിയെ കൂടാതെ, ചിത്രത്തിൽ പോലീസ് ഓഫീസർ ആയ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. സാങ്കേതികമായും ഉയർന്ന നിലവാരം പുലർത്തിയ ചിത്രത്തിന് വേണ്ടി, മുജീബ് മജീദ് ഒരുക്കിയ റെട്രോ സ്റ്റൈൽ തമിഴ് ഗാനങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറലായി നിൽക്കുന്നുണ്ട്.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയമാണ് ചിത്രം നേടിയത്. ഗൾഫിൽ മമ്മൂട്ടയുടെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്ന് തന്നെ സ്വന്തമാക്കിയ ചിത്രം, വിദേശത്ത് വിതരണം ചെയ്തത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്.
Content Highlights: Mammootty’s upcoming Malayalam film Kalamkaval is reportedly set for an OTT release, creating excitement among fans.