

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടൻ യഷിന്റെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യഷ് അവതരിപ്പിക്കുന്ന റയ എന്ന കഥാപാത്രത്തിന്റെ ഇൻട്രോ ആണ് ടീസറിലെ ഉള്ളടക്കം. പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലാണ് യഷിന്റെ ഇൻട്രോ ഒരുക്കിയിരിക്കുന്നത്.
ടീസറിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയര്‍ത്തിയത്. പ്രധാനമായും ടീസറില്‍ നായകനായ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് വിമര്‍ശിക്കപ്പെട്ടത്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ കമന്‍റ് ചെയ്തു. ഈ വിമർശങ്ങൾ എല്ലാം നടക്കുമ്പോൾ മറുഭാഗത്ത് യഷിനൊപ്പമുള്ള ഹോട്ട് രംഗങ്ങളിൽ അഭിനയിച്ച നടി ആരെന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്.
പുള്ളിക്കാരി ചില്ലറക്കാരിയല്ല! യുക്രേനിയൻ അമേരിക്കൻ നടി നതാലി ബേൺ ആണ് യഷിനൊപ്പമുള്ള ഈ നടി. മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. 2006 മുതൽ സിനിമ രംഗത്ത് സജീവമായ നടിയാണ് നതാലി ബേൺ. മോഡലിങ്ങിലൂടെയാണ് നടി ഹോളിവുഡിലെത്തിയത്. മോഡലിങിനൊപ്പം പ്രൊഫഷണൽ ബാലെറ്റ് നർത്തകിയുമാണ് നതാലി. ഒപ്പം ആയോധനകലയിലും പ്രാഗത്ഭ്യം തെളിയിച്ച നതാലി നാലു ഭാഷകൾ സംസാരിക്കും. ‘ദ് എക്സ്പൻഡബിൾ 3’, ‘ദ് കംബാക്ക് ട്രെയില്‍’, ‘ടിൽ ഡെത്ത് ഡു അസ് പാർട്ട്’, ‘ദ് ലാസ്റ്റ് റിഡംപ്ഷൻ’ എന്നീ സിനിമകളിലെല്ലാം നതാലി അഭിനയിച്ചിട്ടുണ്ട്. ടോക്സിക് നതാലിയുടെ ആദ്യ ഇന്ത്യൻ സിനിമയാണ്. നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ഗ്ലിംപ്സ് ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്. നതാലിയെ ആരാധകർ തിരയുന്നതിന്റെ ഗൂഗിൾ സെർച്ച് ലിസ്റ്റും നടി സ്റ്റോറിയാക്കിയിരുന്നു.

അതേസമയം, അടുത്ത വർഷം മാർച്ച് 19 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു.
Content Highlights: The teaser of the movie Toxic starring Yash has gone viral, with viewers curious about the actress appearing alongside him. Malayalis and fans nationwide are searching for her identity, leading to trending discussions on social media.