

ബെംഗളൂരു: കർണാകടയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിൽ ഇരുന്ന സിദ്ധരാമയ്യയുടെ നേട്ടം ആഘോഷിക്കാൻ അഹിന്ദ നേതാക്കൾ. സിദ്ധരാമയ്യ കൈവരിച്ച നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി ജനുവരി ആറിന് ബെംഗളൂരുവിൽ ഒരു 'നാടി കോലി ഊട്ട' (നാടൻ കോഴി വിരുന്ന്) അഹിന്ദ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ന്യൂനപക്ഷങ്ങളെയും പിന്നോക്ക സമുദായങ്ങളെയും ദലിതുകളെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മയാണ് അഹിന്ദ. കർണാടക മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അരസ് രൂപം കൊടുത്ത അഹിന്ദ മൂവ്മെൻ്റ് ന്യൂനപക്ഷങ്ങളെയും പിന്നോക്ക സമുദായങ്ങളെയും ദലിതുകളെയും കൂട്ടിച്ചേർത്ത സാമുദായിക സമവാക്യമാണ് . ദേവരാജ് അരസിന് ശേഷം ഈ സമവാക്യത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നേതാവ് എന്ന നിലയിലാണ് സിദ്ധരാമയ്യ അറിയപ്പെടുന്നത്. ഡി കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി പദവിയിലെ നേട്ടം ആഘോഷിക്കാൻ അഹിന്ദ നേതാക്കൾ ഒരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം.
കർണാകടയിൽ ഏറ്റവും കാലം മുഖ്യമന്ത്രി പദവിയിൽ ഇരുന്ന ഡി ദേവരാജ് അരസിൻ്റെ റെക്കോർഡ് നേട്ടമാണ് സിദ്ധരാമയ്യ ചരിത്രമാക്കുന്നത്. രണ്ട് ടേമുകളിലായി ആകെ 2,792 ദിവസം, അതായത് ഏകദേശം 7.6 വർഷമാണ് ദേവരാജ് അർസ് മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്. രാഷ്ട്രീയ ജീവിതത്തിൽ ഏറെ സമാനതകളുള്ള നേതാക്കളായാണ് സിദ്ധരാമയ്യയും ദേവരാജ് അരസും അറിയപ്പെടുന്നത്.
1973-ൽ മൈസൂർ സംസ്ഥാനം കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതിനുശേഷം അധികാരത്തിലേറിയ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ദേവരാജ് അരസ്. രാഷ്ട്രീയ നേതൃത്വത്തിൽ ഉയർന്ന ജാതിക്കാരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ ആധിപത്യം പുലർത്തിയിരുന്ന ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി പദവിയിലേയ്ക്കുള്ള അരസിൻ്റെ വരവ്. അരസു ജാതിയിൽപ്പെട്ട ദേവരാജ് പിന്നോക്ക സമുദായത്തിൽ നിന്നുള്ള കർണാടകയുടെ ആദ്യ മുഖ്യമന്ത്രിയായി മാറി. കർണാടകയുടെ രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങളിൽ ദേവരാജ് അരസിൻ്റെ മുഖ്യമന്ത്രി പദവി വലിയ മാറ്റങ്ങളാണ് വരുത്തിയത്. പിന്നോക്ക, ന്യൂനപക്ഷ, ദളിത് സമുദായങ്ങളുടെ നേതാവായാണ് അരസ് വിശേഷിപ്പിക്കപ്പെടുന്നത്. ദേവരാജ് അരസ് മുഖ്യമന്ത്രി ആയതിന് പിന്നാലെ എസ് ബംഗാരപ്പ, എം വീരപ്പ മൊയ്‌ലി, സിദ്ധരാമയ്യ തുടങ്ങിയവർ പിന്നാക്ക വിഭാഗത്തിൽ നിന്നും മുഖ്യമന്ത്രി പദവിയിലേയ്ക്കെത്തി.
എന്നാൽ ഇവരിൽ അരസ് രൂപപ്പെടുത്തിയ അഹിന്ദ സമവാക്യത്തെ പുനരുജ്ജീവിപ്പിച്ച നേതാവായി മാറിയത് സിദ്ധരാമയ്യയായിരുന്നു. ഇതോടെ കർണാടക രാഷ്ട്രീയത്തിൽ പിന്നാക്ക, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്ക് വേണ്ടി വാദിക്കുന്ന നേതാവ് എന്ന പ്രതിച്ഛായ സിദ്ധരാമയ്യയ്ക്ക് സ്വന്തമായി. രണ്ട് തവണയും സിദ്ധരാമയ്യയെ കോൺഗ്രസ് മുഖ്യമന്ത്രി പദവിയിലേയ്ക്ക് പരിഗണിക്കുന്നതിന് കാരണമായതും ഈ സ്വീകാര്യതയായിരുന്നു. കർണാടകയിലെ ലിംഗായത്ത് വൊക്കലിംഗ ആധിപത്യമുള്ള രാഷ്ട്രീയ സാഹചര്യത്തെ വെല്ലുവിളിച്ച് കൊണ്ടാണ് സിദ്ധരാമയ്യ 2013ൽ ആദ്യമായി കർണാടക മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.
സ്വന്തം പാർട്ടിയിലെ നേതൃത്വവുമായി ഏറ്റമുട്ടിയ ചരിത്രത്തിലും ദേവരാജ് അരസിനും സിദ്ധരാമയ്യയ്ക്കും സമാനതകളുണ്ട്. 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് അരസ് ഇന്ദിരാഗാന്ധിയ്ക്ക് എതിരായ സമീപനം സ്വീകരിച്ചു. അതിൻ്റെ ഭാഗമായി 1979ൽ അരസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായിട്ടായിരുന്നു സിദ്ധരാമയ്യയുടെ ഏറ്റമുട്ടൽ. ജെഡിഎസ് കോൺഗ്രസ് സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദവി പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ദേവഗൗഡ-സിദ്ധരാമയ്യ തർക്കത്തിന് വഴിതെളിച്ചത്. ഇതിനെ തുടർന്ന് 2006ൽ സിദ്ധരാമയ്യ ജെഡിഎസിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.
അഹിന്ദ സമവാക്യം വിജയകരമായി പരീക്ഷിച്ച കോൺഗ്രസ് നേതാക്കൾ എന്ന നിലയിലാണ് ദേവരാജ് അരസിനെയും സിദ്ധരാമയ്യയെയും വിശേഷിപ്പിക്കുന്നത്. 1972ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവരാജ് അർസിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ആകെയുള്ള 216 സീറ്റുകളിൽ 165 എണ്ണവും നേടിയാണ് അധികാരത്തിൽ എത്തിയത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 224 സീറ്റുകളിൽ കോൺഗ്രസ് 135 സീറ്റുകളിൽ വിജയിച്ചു. മൂന്നര പതിറ്റാണ്ടിനിടെ കോൺഗ്രസ് കർണാടകയിൽ നേടുന്ന ഏറ്റവും മികച്ച വിജയം എന്ന നിലയിലാണ് ഇത് കണക്കാക്കപ്പെടുന്നത്.
Content Highlights: Siddaramaiah closes in on record Karnataka Chief Minister tenure