

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപ്പെട്ട എഴുത്തുകാരി തസ്‌ലീമ നസ്റീൻ. ജീവിച്ചിരിക്കുമ്പോൾ ഖാലിദ സിയ തൻ്റെ പുസ്തകങ്ങളുടെ വിലക്കുകൾ നീക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടില്ല. ഇപ്പോൾ അവരുടെ മരണം ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിലേക്ക് നയിച്ചാൽ അങ്ങനെയാകട്ടെ എന്നാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ തസ്‌ലീമ നസ്റീൻ കുറിച്ചിരിക്കുന്നത്.
'1994-ൽ, മതേതര, മാനവിക, സ്ത്രീവാദി, സ്വതന്ത്ര ചിന്താഗതിക്കാരിയായ ഒരു എഴുത്തുകാരിക്കെതിരെ 'മതവികാരങ്ങളെ വ്രണപ്പെടുത്തിയതിന്' കേസ് ഫയൽ ചെയ്തുകൊണ്ട് അവർ ജിഹാദികളുടെ പക്ഷം ചേർന്നു. എഴുത്തുകാരിക്കെതിരെ അവർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് അവർ ആ എഴുത്തുകാരിയെ - എന്നെ - എന്റെ സ്വന്തം രാജ്യത്ത് നിന്ന് അന്യായമായി പുറത്താക്കി. അവരുടെ ഭരണകാലത്ത്, അവർ എന്നെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ല എന്നും പോസ്റ്റിൽ തസ്‌ലീമ കുറിച്ചിട്ടുണ്ട്. അവരുടെ മരണം എന്റെ 31 വർഷത്തെ പ്രവാസ ശിക്ഷ അവസാനിപ്പിക്കുമോ? അതോ അന്യായരായ ഭരണാധികാരികൾക്ക് ശേഷം തലമുറതലമുറയായി അനീതി തുടരുമോ?' എന്നും എക്സ് പോസ്റ്റിൽ തസ്‌ലീമ കുറിച്ചിട്ടുണ്ട്.
1993-ൽ അവർ എന്റെ 'ലജ്ജ' നിരോധിച്ചു. 2002-ൽ അവർ 'ഉതൽ ഹവ' നിരോധിച്ചു. 2003-ൽ അവർ 'കാ' നിരോധിച്ചു. 2004-ൽ അവർ 'ദോസ് ഡാർക്ക് ഡേയ്സ്' നിരോധിച്ചു എന്നും തസ്‌ലീമ കുറിപ്പിൽ ഓർമ്മിക്കുന്നുണ്ട്.
ഖാലിദ സിയ അധികാരത്തിലിരിക്കെയാണ് തസ്‌ലീമയുടെ ലജ്ജ 1993ൽ നിരോധിക്കുന്നത്. 1992ൽ ബാബറി മസ്ജിദ് തകർത്തതിന് ശേഷം ഹിന്ദുക്കൾക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് പ്രതിപാദിച്ച ലജ്ജയെന്ന പുസ്തകം ബംഗ്ലാദേശ് 1993ൽ നിരോധിച്ചെങ്കിലും പിന്നീട് താൽക്കാലികമായി പിൻവലിച്ചു. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായതോടെ പുസ്തകം രണ്ടാമതും നിരോധിക്കുകയായിരുന്നു 1994 നാല് പുസ്തകങ്ങൾ കൂടി നിരോധിക്കപ്പെട്ടു. ഇവ പൊതുക്രമത്തിന് ഭീഷണിയും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നായിരുന്നു ആരോപണം. ഖാലിദ സിയയുടെ ബിഎൻപിയുമായി സഖ്യമുള്ള മതമൗലികവാദ ഗ്രൂപ്പുകളിൽ നിന്നുള്ള വധഭീഷണികൾക്കും ആൾക്കൂട്ട ആക്രമണങ്ങൾക്കും ശേഷമായിരുന്നു ഇതെല്ലാം സംഭവിച്ചത്. ഇതിന് പിന്നാലെ നസ്രീൻ 1994 ൽ ആദ്യം സ്വീഡനിലേക്കും പിന്നീട് ഒരു ദശാബ്ദത്തിനുശേഷം ഇന്ത്യയിലേക്കും തസ്‌ലീമ നസ്റീൻ പലായനം ചെയ്തു.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ള പാർട്ടിയായി ബിഎൻപി കണക്കാക്കപ്പെടുന്നത്. അവരുടെ മകനും പാർട്ടിയുടെ ആക്ടിംഗ് ചെയർമാനുമായ 60 കാരനായ താരിഖ് റഹ്മാൻ 17 വർഷത്തെ പ്രവാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ബംഗ്ലാദേശിൽ തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖാലിദ സിയയുടെ മരണം തൻ്റെ 31 വർഷത്തെ പ്രവാസ ശിക്ഷ അവസാനിപ്പിക്കുമോ, അതോ അന്യായരായ ഭരണാധികാരികൾക്ക് ശേഷം തലമുറതലമുറയായി തനിക്ക് നേരിട്ട അനീതി തുടരുമോ എന്ന തസ്‌ലീമയുടെ ചോദ്യം പ്രസക്തമാകുന്നത്.
Content Highlights: Exiled Bangladeshi Author Taslima Nasreen On Khaleda Zia