

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ മുസ്‌ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അലാവൈറ്റ് വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. സിറിയയിലെ ഷിയാ മുസ്‌ലിങ്ങളിലെ ന്യൂനപക്ഷ വിഭാഗമാണ് അലാവൈറ്റ് വിഭാഗക്കാര്‍. വെള്ളിയാഴ്ച്ച പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. നടന്നത് ഭീകരാക്രമണമെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹോംസ് നഗരത്തിലെ വാദി അല്‍ ദഹാബ് ജില്ലയിലെ ഇമാം അലിയ്യിബ്‌നു അബീത്വാലിബ് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിന് പിന്നാലെ സുരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി പള്ളി വളഞ്ഞു. പള്ളിയുടെ ഭാഗത്ത് നേരത്തെ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മാനുഷികവും ധാര്‍മികവുമായ മൂല്യങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ് നടന്നതെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്‌ലാമിസ്റ്റ് വിഭാഗം ഭരണത്തില്‍ എത്തിയതിന് ശേഷം ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ആരാധനാലയത്തിലാണ് സ്‌ഫോടനമുണ്ടാകുന്നത്. കഴിഞ്ഞ ജൂണില്‍ ഡമാസ്‌കസിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlight; Eight Killed, 18 Injured in Mosque Bombing in Syria