

കണ്ണൂര്‍: പൊലീസിന് ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍. കഴിഞ്ഞ മാസമാണ് നിഷാദിനെ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയിലിലായതിനാല്‍ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആറ് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്നാണ് നിഷാദ് വിജയിച്ചത്. നേരത്തെ കാറമേല്‍ വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു.
കേസില്‍ വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് നിഷാദിന് ശിക്ഷ. നിഷാദിന് പുറമെ ടിസിവി നന്ദകുമാറും കേസിൽ പ്രതിയായിരുന്നു. ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് സെഷന്‍സ് കോടതിയായിരുന്നു വിധി പ്രസ്താവിച്ചത്. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി കെ നിഷാദ്. 2009 മുതല്‍ 206 വരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിനുനേരേ ബോംബെറിഞ്ഞതിനുപുറമേ കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. പയ്യന്നൂര്‍ ടൗണില്‍വെച്ചായിരുന്നു സംഭവം. ഐപിസി 307 സ്ഫോകട വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
Content Highlights: CPIM leader VK Nishad, who was sentenced to 20 years in prison, granted parole