

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിട്ടു. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് ഫയലുകള്‍ പുറത്തുവിട്ടത്. ബില്‍ ക്ലിന്റണ്‍, മൈക്കിള്‍ ജാക്‌സണ്‍, മൈക്ക് ജാക്കര്‍ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങളടക്കമുള്ള രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം 1200ഓളം പേരെയാണ് എപ്സ്റ്റീന്‍ പീഡനത്തിനിരയാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് രേഖകളും ചിത്രങ്ങളുമാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ വൈകാതെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'എപ്സ്റ്റീന് ലൈബ്രറി' എന്ന വെബ്‌സൈറ്റിലൂടെയാണ് ഫയലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫയലുകളില്‍ എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ പൂര്‍ണമായ വ്യക്തതയില്ല. എങ്കിലും എപ്സ്റ്റീന്‍ കേസുകളിലേക്കും അദ്ദേഹത്തിന്റെ നിഗൂഢ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന വിവരങ്ങള്‍ ഫയലുകളില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരും ദിവസങ്ങളില്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഡെപ്യൂട്ടി അറ്റോണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞിരുന്നു. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ എപ്സ്റ്റീന്‍ ഫയലുകള്‍ മുഴുവനും പുറത്തുവിടാന്‍ നീതിന്യായ വകുപ്പിന് കഴിഞ്ഞില്ലെന്നും ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. 'എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില്‍ പലതും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ പുതുതായി പുറത്തുവിട്ട ഫയലുകളില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍ണ്‍ ഉള്‍പ്പെടെ നിരവധി ഉന്നതരുടെ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുന്നു. നിരവധി തവണ എഡിറ്റിങിന് വിധേയമാക്കിയ ശേഷമാണ് ഫയലുകൾ പുറത്തുവിട്ടിരിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൾട്ടൺ സ്‌കൂളിലെ ഗണിത അധ്യാപകനായി കരിയർ തുടങ്ങിയ ജെഫ്രി, 1970കളിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ തന്റെ ജീവിതം മാറ്റി മറിച്ച നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീൻ ആൻഡ് കോ സ്ഥാപിച്ചു. നൂറുകോടിയിലധികം വരുമാനമുള്ളവർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു.

സമ്പത്ത് വർധിച്ചതോടെ പ്രശസ്തർക്കായി ജെഫ്രി പാർട്ടികൾ സംഘടിപ്പിക്കാൻ തുടങ്ങി. എന്നാൽ ജെഫ്രിയുടെ ഈ സമ്പത്തിന്റെ എല്ലാം ഉറവിടം അവ്യക്തമായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ശതകോടീശ്വരനായി ആണ് ജെഫ്രി എപ്പോഴും അറിയപ്പെട്ടിരുന്നത്. മരണത്തിന് രണ്ട് ദിവസം മുൻപ് ഒപ്പിട്ട വിൽപത്രം അനുസരിച്ച്, അദ്ദേഹത്തിന് 577,672,654 ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന കേസിൽ എപ്സ്റ്റീൻ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് ശേഷം ഇയാളെ 18 മാസത്തെ തടവിന് വിധിക്കുച്ചെങ്കിലും 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. സംഭവത്തിൽ കുറ്റം ചെയ്തു എന്ന് കണ്ടെത്തിയതോടെ എപ്സ്റ്റീനെ ഔദ്യോഗികമായി ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
മിയാമി ഹെറാൾഡ് ഇൻവെസ്‌റ്റിഗേറ്റീവ് റിപ്പോർട്ടർ ജൂലി കെ ബ്രൗൺ എപ്സ്റ്റിനെയും അയാളുടെ ഇരകളെയും സംബന്ധിച്ച ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എപ്‌സ്‌റ്റീന് കുടുതൽ ശിക്ഷ നൽകണമെന്നായിരുന്നു ജൂലിയുടെ വാദം. എന്നാൽ, 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. 2019 ജൂലൈ 24 ന് എപ്‌സ്‌റ്റീനെ സെല്ലിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നു. ഏതാനും ആഴ്‌ചകൾക്കുശേഷം, ഓഗസ്‌റ്റ് 10 ന് എപ്സ്‌റ്റിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്.
ഇരകളെ തന്റെ വരുതിയിൽനിർത്തുന്നതിനും മറ്റുള്ളവർക്ക് ലൈംഗികാവശ്യങ്ങൾക്കായി എത്തിച്ചുകൊടുക്കാനും ജെഫ്രി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കൂടുതൽ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യാൻ ചില ഇരകൾക്കു പണം നൽകിയതായും റിപ്പോർട്ടുകളുണ്ട്. 14 വയസ്സുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ജെഫ്രിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതിൽ താൻ കുറ്റക്കാരനല്ലെന്ന് എപ്‌സ്റ്റീൻ ആവർത്തിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. വിചാരണയ്ക്ക് മുമ്പ് സെല്ലിൽ എപ്സ്‌റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിലെ പല വിവരങ്ങളും അജ്‌ഞാതമായിത്തന്നെ ഇന്നും തുടരുന്നു.

കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ സാധാരണക്കാരായ ആളുകളുടെ വീട്ടിലെത്തി അവിടുത്തെ സ്ത്രീകളെ എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന പരാതിയുമായി നിരവധി വനിതകൾ രംഗത്തെത്തിയിരുന്നു. ലോകം മുഴുവനുള്ള ആളുകളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്നാൽ 2019ലെ ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല.
Content Highlight; The Justice Department has released a new batch of Epstein files, with large portions heavily redacted