
ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്‌സി ഇന്ന് മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും. കൊൽക്കത്ത സന്തോഷ്‌പുർ കിഷോർ ഭാരതി ക്രിരംഗൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ് കളി. പുതിയ സ്‌പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴിലാണ് ഗോകുലം ഇറങ്ങുന്നത്. കോഴിക്കോട്ടുകാരനായ ഗോൾ കീപ്പർ ഷിബിൻരാജാണ് ക്യാപ്‌റ്റൻ.
ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗോകുലത്തിന്റെ ഗ്രൂപ്പിൽ കൊൽക്കത്ത ക്ലബ്ബായ യുണൈറ്റഡ് സ്‌പോർട്‌സ് ക്ലബ്ബുണ്ട്. 12ന് ഇരുടീമുകളും ഏറ്റുമുട്ടും. ഉദ്‌ഘാടന മത്സരത്തിൽ ഇൗസ്‌റ്റ് ബംഗാൾ നാല് ഗോളിന് ശ്രീനിധി ഡെക്കാണെ വീഴ്ത്തി.
രാജ്യത്തെ പഴക്കമുള്ള ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നാണ് ഐഎഫ്‌എ ഷീൽഡ്. മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് ടൂർണമെന്റ് പുനഃരാരംഭിച്ചത്. ടൂർണമെന്റിൻറെ 125–ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. 2021ൽ റിയൽ കശ്‌മീരാണ് അവസാനമായി ജേതാക്കളായത്. ഈസ്റ്റ് ബംഗാൾ എഫ്സിയാണ് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ആയത്. 29 തവണ ഈസ്റ്റ് ബംഗാൾ ടൂർണമെന്റിലെ ചാമ്പ്യന്മാരായത്.
Content Highlights: IFA Shield 2025-26; Gokulam Kerala FC Faces Mohun Bagan Super Giant