
ഗാസ: 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഓരോ 52 മിനുറ്റുകളില്‍ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. പലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്നാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാസയിലെ ആരോഗ്യ മന്ത്രാലയം ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരുന്നു.
'20,179 കുട്ടികള്‍ കൊല്ലപ്പെട്ടു. ഒരു വയസില്‍ താഴെയുള്ള 1029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 58554 കുട്ടികള്‍ അനാഥരായി. 1102 കുട്ടികള്‍ക്ക് അംഗവൈകല്യം ബാധിച്ചു. 914,102 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു', കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കുട്ടികളെ പോലെ തന്നെ ഗാസയിലെ സ്ത്രീകളും ദുരിതത്തിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഏജന്‍സിയായ യൂണിസെഫിന്റെ വക്താവ് ജേംസ് എല്‍ഡര്‍ പറഞ്ഞു. ഗാസ മുനമ്പില്‍ നിന്നുമുള്ള പലായനങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭം അലസുന്നുവെന്നും ഒക്ടോബര്‍ മൂന്നിന് യൂണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
'ഗര്‍ഭിണിയായ സ്ത്രീകളുടെ ശരീരം മുറിയുകയും ചോര വരികയും ചെയ്യുന്നു. നിരന്തരമുള്ള വ്യോമാക്രമണങ്ങളില്‍ കുട്ടികള്‍ വിറക്കുന്നു. ഹെലികോപ്റ്ററുകളില്‍ നിന്നും ക്വാഡ്‌കോപ്റ്ററുകളില്‍ നിന്നുമുള്ള തീ കാണാന്‍ കുട്ടികള്‍ ആകാശത്ത് തുറിച്ച് നോക്കുന്നു. എല്ലാവരും ഇതില്‍ ചില ഉത്തരവാദിത്തം വഹിക്കുന്നുണ്ടെങ്കിലും ഇര ഒന്നേയുള്ളു. ഇന്നലെയും ഇന്നും നാളെയും അത് പലസ്തീനിലെ കുട്ടികളാണ്', റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേലിന്റെ ആക്രമണം ഗാസയിലെ കുട്ടികളുടെ ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിച്ചിട്ടുണ്ടെന്ന് മറ്റൊരു വക്താവ് റിക്കാര്‍ഡോ പൈറസ് പറഞ്ഞു. രണ്ട് വര്‍ഷമായി ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കുട്ടികളാണെന്നും ഒരു കുട്ടിയും അനുഭവിക്കാത്ത ഭീകരതകളാണ് ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ അഞ്ചില്‍ ഒരു കുഞ്ഞ് മാസം തികയാതെ ജനിക്കുന്നതായും യൂണിസെഫിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
Content Highlights: Report says one child killed every 52 minutes in Gaza by Israel attack