
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലറിന്റെ അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം കാന്താരയുടെ ട്രെയ്‌ലർ ഈ ആഴ്ച തന്നെ പുറത്തുവരും. ട്രെയ്‌ലർ പുറത്തിറങ്ങുന്നതോട് കൂടി സിനിമയുടെ ഹൈപ്പ് പതിന്മടങ്ങായി വർധിക്കുമെന്നാണ് പ്രതീക്ഷ. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.
INFO - #KantaraChapter1 - Trailer coming out this week(i.e. before 21st September).
— Aakashavaani (@TheAakashavaani) September 16, 2025
നേരത്തെ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്ക് അറിയിച്ചത്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55 % ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. തുടർന്ന് വിലക്ക് നീങ്ങുകയും കേരളത്തിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 50 ശതമാനം വിതരണക്കാർക്ക് നൽകാനും തീരുമാനമായി.
Content Highlights: Kantara Chaper 1 trailer update out now