
വാഷിംഗ്‌ടൺ: താരിഫ് വിഷയത്തിൽ ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി നടത്തിയ വ്യാപാരം അമേരിക്കയെ സംബന്ധിച്ച് പൂർണമായും ഒരു വിപത്തായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ താരിഫ് പൂർണമായും കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും എന്നാൽ സമയം ഏറെ വൈകിയെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു.
ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി മോദി-പുടിന്‍ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ' ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരമേ അമേരിക്കയ്ക്കുള്ളൂ. പക്ഷെ അവർക്ക് വലിയ വ്യാപാരമുണ്ട്. നമ്മൾ അവരുടെ ഏറ്റവും വലിയ ഇടപാടുകാരായിരുന്നു. എന്നാൽ നമ്മൾ വളരെ കുറച്ച് സാധങ്ങൾ മാത്രമേ ഇന്ത്യക്ക് വിറ്റിരുന്നുള്ളൂ. അതിനാലാണ് ഇന്ത്യ നമ്മുടെ ഉത്പന്നങ്ങൾക്ക് മേൽ കൂടിയ താരിഫ് നിരക്കുകൾ ഈടാക്കിയത്. ഇത് അമേരിക്കയെ സംബന്ധിച്ച് വലിയ വിപത്താണ്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു, ആയുധം വാങ്ങുകയാണ്. ഇപ്പോൾ അവർ താരിഫുകൾ കുറയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ വളരെ വൈകിപ്പോയി'; എന്നാണ് ട്രംപ് കുറിച്ചത്.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിൽ എത്തിയത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ചൈനയുമായുള്ള ശക്തമായ സൗഹൃദം മേഖലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് ചൈനീസ് സന്ദർശനത്തിന് മുൻപ് മോദി പറഞ്ഞിരുന്നു.
ചൈനയിലെത്തിയ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ചർച്ചകൾ നടത്തിയിരുന്നു. ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ ഇന്ത്യ ചൈന റഷ്യ ബന്ധം ശക്തമാകുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് ട്രംപ് ഇന്ത്യയുടെ മേൽ താരിഫ് ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് പിന്നാലെയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന നീക്കത്തിൽ നിന്ന് ഇന്ത്യ പിന്നോട്ടുപോയിരുന്നില്ല. ഇതിനിടെയാണ് പുടിനുമായും മോദി കൂടിക്കാഴ്ച നടത്തിയത്.
Content Highlights: Trump says india will reduce tariffs and trade a one sided disaster