അന്തിമ കരാറിലെത്താതെ ട്രംപ് - പുടിൻ കൂടിക്കാഴ്ച; ചർച്ചയിൽ പുരോഗതിയെന്ന് നേതാക്കൾ

മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ വെടിനിർത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചു.

dot image

വാഷിംഗ്ടൺ: അലാസ്‌കയിൽ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ച അവസാനിച്ചു. യുക്രൈൻ- റഷ്യ വെടിനിർത്തലിൽ നിർണായക തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കൂടിക്കാഴ്ചയിൽ വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായില്ലെന്നാണ് വിവരം. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ വെടിനിർത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചു. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചർച്ചയിലെ ധാരണകളെ കുറിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടർ നടപടിയെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ധാരണകൾ എന്തെല്ലാമാണെന്ന കാര്യത്തിൽ ഇരുവരും വ്യക്തത നൽകിയിട്ടില്ല. യുക്രൈൻ സഹോദര രാജ്യമാണെന്നായിരുന്നു പുടിന്റെ പ്രതികരണം. എന്നാൽ വിഷയത്തിൽ റഷ്യക്ക് പല ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്ന് പറഞ്ഞ പുടിൻ ചർച്ച തുടരുമെന്നും വ്യക്തമാക്കി. ചർച്ചയിലെ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങൾക്ക് യുക്രൈനോ യൂറോപ്യൻ രാജ്യങ്ങളോ മുതിരരുത്. യുക്രൈൻ യുദ്ധം അവസാനിക്കണമെങ്കിൽ റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം. അതിൽ ഒന്ന് സെലൻസ്‌കി സർക്കാരാണെന്നും പുടിൻ പറഞ്ഞു.

മൂന്നര വർഷമായി തുടരുന്ന യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി അലാസ്‌കയിൽ നടന്ന ചർച്ചയിൽ ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പങ്കെടുത്തു. അടുത്ത ചർച്ച മോസ്‌കോയിലാകാമെന്ന്പുടിൻ ട്രംപിനോട് പറഞ്ഞു. ആറ് വർഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചർച്ചയ്ക്കുണ്ട്. എന്നാൽ ഉച്ചകോടിയിലേക്ക് വ്ലാദിമിർ സെലൻസ്‌കിയെ ക്ഷണിക്കാതിരുന്നതിൽ വിമർശനവും ഉയരുന്നുണ്ട്.

അതേസമയം ഉച്ചകോടിയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ട്രംപിനോട് സംസാരിച്ചിരുന്നു. വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലൻസ്‌കി, റഷ്യയെ വിമർശിക്കുകയും ചെയ്തിരുന്നു. യുക്രെയ്ൻ പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മർദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിർത്തലിന് റഷ്യ തയ്യാറായില്ലെങ്കിൽ ഉപരോധം ശക്തമാക്കണമെന്നും ട്രംപുമായുള്ള വെർച്വൽ യോഗത്തിൽ സെലൻസ്‌കി പറഞ്ഞിരുന്നു. അലാസ്‌കയിൽ വെടിനിർത്തലിന് വഴങ്ങിയില്ലെങ്കിൽ ഉപരോധം ശക്തമാക്കണമെന്നും സെലൻസ്‌കി പറഞ്ഞിരുന്നു. ആദ്യം വെടിനിർത്തൽ പിന്നീട് സമാധാന കരാർ എന്നായിരുന്നു സെലൻസ്‌കി ചർച്ചയിലുന്നയിച്ചത്.

Content Highlights: Donald Trump and Vladimir Putin meeting ends, no deal in Russia - Ukraine issue

dot image
To advertise here,contact us
dot image