താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തി

dot image

കോളിക്കോട്: താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തി. നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. സ്രവ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് വ്യക്തമായത്.

ഇന്നലെയായിരുന്നു കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ മരിച്ചത്. കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

എന്നാല്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. പനി, ഛര്‍ദ്ദി ലക്ഷണങ്ങളുമായി എത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സ അനയയ്ക്കും നല്‍കിയിരുന്നു. രക്തപരിശോധന അടക്കം നടത്തിയിരുന്നു. രക്തത്തിന്റെ കൗണ്ട് ഉയര്‍ന്ന നിലയില്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ രണ്ട് സഹോദരങ്ങളും സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. അനയ അടക്കം നാല് കുട്ടികളും വീടിന് സമീപത്തെ ഒരു കുളത്തില്‍ കുളിച്ചിരുന്നു. അനയയ്ക്ക് ഇവിടെ നിന്നാണോ അമീബിക് ബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.

Content Highlights- Nine years old who died in thamarassery test positive for amoebic meningoencephalitis

dot image
To advertise here,contact us
dot image