
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ ഇതിനെ എതിർത്തു. ഇതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലിൽ ബാബു പറഞ്ഞു. ഇതിന് പിന്നാലെ ബാബു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവായിരുന്നു. അച്ഛനും അമ്മയുമായി നിരന്തരം വഴക്കുമുണ്ടാക്കി. മദ്യപിക്കാൻ പണമാവശ്യപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ബാബുവിനെതിരെ അമ്മ പരാതി നൽകുകയും ചെയ്തിരുന്നു.
വ്യാഴാഴ്ചയും ഇത്തരത്തിൽ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ ബാബു, 100 രൂപ ആവശ്യപ്പെട്ടെങ്കിലും അത് അച്ഛനും അമ്മയും കൊടുത്തില്ല. ഇതിൽ ക്ഷുഭിതനായി ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊല്ലുകയായിരുന്നു. ശേഷം അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയൽവാസികളെയും അറിയിച്ചെന്നും മൊഴിയിൽ പറയുന്നുണ്ട്. അതേസമയം കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ ബാറിൽനിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ തിരച്ചിലിൽ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം പ്രതി അടുത്ത ബാറിലേക്കുപോയ സൈക്കിളും കണ്ടെത്തി.
Content Highlights: Man killed his parents because he was angry that they didn't get married