ഡാഡിയുടെ അടുത്തേയ്ക്ക് ഓടുകയല്ലാതെ ഇസ്രയേലിന് മറ്റൊരു വഴിയില്ലെന്ന് ഇറാൻ ലോകത്തിന് മുന്നിൽ തെളിയിച്ചു:അരാഗ്ചി

ഇറാൻ്റെ വിധി തീരുമാനിക്കാന്‍ മറ്റാരെയും അനുവദിക്കില്ലെന്ന് അരാഗ്ചി

dot image

തെഹ്‌റാന്‍: ഇറാനുമായി കരാറുണ്ടാക്കാന്‍ അമേരിക്ക ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനാദരവ് കാണിക്കരുതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇത്തരത്തിലുള്ള ഭീഷണികള്‍ക്കും അപമാനങ്ങള്‍ക്കും പ്രതികരിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞ അരാഗ്ചി ഇറാന്‍ തങ്ങളുടെ യഥാര്‍ത്ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്ക സൂചിപ്പിച്ചതിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു അരാഗ്ചിയുടെ പ്രതികരണം.

'മണിക്കൂറുകളുടെ കഠിനാധ്വാനത്തിലും ക്ഷമയിലും നെയ്‌തെടുത്ത ഇറാനിയന്‍ ജനതയുടെ സങ്കീര്‍ണതയും സ്ഥിരതയും പ്രസിദ്ധമാണ്. എന്നാല്‍ ഒരു ജനതയെന്ന നിലയില്‍ ഞങ്ങളുടെ അടിസ്ഥാന തത്വം വളരെ ലളിതമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മൂല്യമറിയാം. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് മൂല്യം നല്‍കുന്നുണ്ട്. നമ്മുടെ വിധി തീരുമാനിക്കാന്‍ മറ്റാരെയും അനുവദിക്കില്ല', അരാഗ്ചി പറഞ്ഞു.

തങ്ങളുടെ മിസൈലുകള്‍ ഏല്‍ക്കാതിരിക്കാന്‍ 'ഡാഡിയുടെ' അടുത്തേക്ക് ഓടുകയല്ലാതെ മറ്റൊരു വഴിയും ഇസ്രയേലിനില്ലെന്ന് ശക്തിയേറിയ ഇറാനിയന്‍ ജനത ലോകത്തിന് മുന്നില്‍ തെളിയിച്ചതായി അരാഗ്ചി പരിഹസിച്ചു. ഈ ജനത ഇത്തരത്തിലുള്ള ഭീഷണികളെ നിസാരമായെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല മനസ് നല്ല മനസിനെ ജനിപ്പിക്കുന്നുവെന്നും നല്ല ബഹുമാനം നല്ല ബഹുമാനത്തെ ജനിപ്പിക്കുന്നുവെന്നും പറഞ്ഞാണ് അരാഗ്ചി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നാറ്റോ അധ്യക്ഷന്‍ മാര്‍ക്ക് റുട്ടേ ട്രംപുമായുള്ള സംഭാഷണത്തില്‍ 'ഡാഡി' എന്ന് പ്രയോഗിച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് പുറത്ത് വിട്ട വീഡിയോയിലും ട്രംപിനെ ഡാഡിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതുപയോഗിച്ചാണ് അരാഗ്ചി ട്രംപിനെ പരിഹസിച്ചത്. അതേസമയം ഇന്ന് ട്രംപ് ഖമേനിക്കെതിരെ രംഗത്ത് വന്നിരുന്നു. ആണവായുധ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചാല്‍ ഇറാനില്‍ ബോംബിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഖമേനിയെ മോശവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു.

Content Highlights: Iran says Israel ran to Daddy slams Trump and Israel

dot image
To advertise here,contact us
dot image