

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. ഊര്‍ജ്ജം, പ്രതിരോധം, സാങ്കേതിക വിദ്യ എന്നിവയിലെ സഹകരണവും ഇന്ത്യ അമേരിക്ക വ്യപാര കരാറും ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ട്. വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജ, പ്രതിരോധ വിതരണ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതില്‍ അമേരിക്കയ്ക്ക് വഹിക്കാനാകുന്ന പങ്കിന് റൂബിയോ ഊന്നല്‍ നല്കിയപ്പോള്, ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. കുടിയേറ്റം, എച്ച്-1ബി (H-1B) വിസയുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങള്‍ എന്നിവയില്‍ ഇന്ത്യയ്ക്കുള്ള ആശങ്കകളെയാണ് അദ്ദേഹം ഇതിലൂടെ സൂചിപ്പിച്ചത്.
മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടയില്‍ അടുത്ത മാസം പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കൂടാതെ, ഡിസംബറില്‍ ജി20 ഉച്ചകോടിക്കായി മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ കൂടിയാണ് മാര്‍ക്കോ റൂബിയോയുടെ ഇന്ത്യ സന്ദര്‍ശനം. ഇതിന് മുന്നോടിയായാണ് മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജയശങ്കറും റൂബിയോയും ചര്‍ച്ച ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
അമേരിക്കയുമായുള്ള ഊര്‍ജ്ജ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നത്, ഇന്ത്യയുടെ വിപുലമായ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനൊപ്പം, രാജ്യത്തെ വിതരണ ശൃംഖലകളെ വൈവിധ്യവത്കരിക്കുന്നതില്‍ നിര്‍ണ്ണായകമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് റൂബിയോ വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ തീരുവയില്‍ ട്രംപ് ഭരണകൂടം വരുത്തിയ താല്‍ക്കാലിക ഇളവിന്റെ പശ്ചാത്തല്‍ കൂടിയാണ് റൂബിയോയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനം നടക്കുന്നത്. തീരുവ ഉയര്‍ത്തിയത് ഇന്ത്യയെ ബുദ്ധിമുട്ടിലാക്കാനല്ലെന്നും റഷ്യ യുക്രയില്‍ യുദ്ധം അവസാനിപ്പിക്കാനാണെന്നുമാണ് റൂബിയോ വിശദീകരിച്ചത്. ഇന്ത്യയുടെ എണ്ണ സംഭരണം രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് മാത്രമല്ല, ആഗോള വിപണികളുടെ സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യ നിലപാടെടുക്കുന്നുണ്ട്. ഊര്‍ജ്ജ സ്രോതസ്സുകളില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരുന്നതില്‍ ഇന്ത്യ കൈവരിച്ച ഗണ്യമായ പുരോഗതിയെ റൂബിയോ അഭിനന്ദിച്ചു.
പ്രതിരോധ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും റൂബിയോ ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവും പരസ്പര പ്രവര്‍ത്തനക്ഷമതയും വര്ദ്ധിപ്പിക്കേണ്ടതിനെക്കുറിച്ചും, യുഎസ് സാങ്കേതികവിദ്യകള്‍ ഇന്ത്യ കൂടുതല്‍ വാങ്ങുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ, സിവിലിയന്‍ ആണവ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച പുരോഗതിയെ റൂബിയോ പ്രശംസിച്ചു. ഇരുരാജ്യങ്ങളുടെയും സുരക്ഷയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന യുഎസ് സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഇന്ത്യ കൂടുതല്‍ വാങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം താനും ജയശങ്കറും ചേര്‍ന്ന് വീണ്ടും ഉറപ്പിച്ചു എന്ന് റൂബിയോ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഈ മാസം അവസാനം അറ്റ്ലാന്റയില്‍ നടക്കുന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തും. കൂടാതെ, ജപ്പാന്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരുമായി ചേര്‍ന്ന് 'ക്വാഡ്' വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ഇരുവരും പങ്കെടുക്കും. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയെ ജയശങ്കറും റൂബിയോയും സ്വാഗതം ചെയ്തതായും, കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു ഔദ്യോഗിക കരാര്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്രത്തോളം അടുത്താണെന്ന് റൂബിയോ അഭിപ്രായപ്പെട്ടു. ചില ചെറിയ കാര്യങ്ങള്‍ കൂടി തീര്‍പ്പാക്കാനുണ്ട്. വൈകാതെ തന്നെ നല്ല വാര്‍ത്തകള്‍ അറിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ എത്തിയ ഉടന്‍, 26/11 ഭീകരാക്രമണ ഇരകളുടെ സ്മരണയ്ക്കായി താജ് മഹല്‍ പാലസ് ഹോട്ടലില്‍ റൂബിയോ പുഷ്പചക്രം അര്‍പ്പിച്ചു. 'ഭീകര ശൃംഖലകളെ തകര്‍ക്കുന്നതിനും, ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. 2008-ലെ മുംബൈ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു,' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍ പാകിസ്താന്റെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ല എന്നതും ചര്‍ച്ചയാകുന്നുണ്ട്.
Content Highlights: External Affairs Minister S Jaishankar met US Secretary of State Marco Rubio in Mumbai to discuss cooperation in energy, defence and technology, as well as the India-US trade deal, which is reportedly expected to be finalised soon. Rubio highlighted the role the US could play in diversifying India’s energy and defence supply sources. Jaishankar said they also discussed people-to-people ties, pointing to India’s concerns over immigration and administrative issues related to H-1B visas.