മോദി അടക്കമുള്ള ആഗോള നേതാക്കളെ വിളിച്ച് നെതന്യാഹു; 78 മരണമെന്ന് ഇറാന്‍ മാധ്യമങ്ങൾ; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

ഇറാനെ ആക്രമിക്കാനിടയായ സാഹചര്യം ലോകനേതാക്കളെ ധരിപ്പിച്ചു

dot image

ജെറുസലേം: ഇറാനെതിരായ സൈനിക ആക്രമണം തുടരവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ആഗോള നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നേതാക്കളുമായി ഉന്നതതല നയതന്ത്ര ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചുവെന്നാണ് വിവരം. ഇറാനെ ആക്രമിക്കാനിടയായ സാഹചര്യം ലോകനേതാക്കളെ ധരിപ്പിച്ചെന്ന് നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരെയും നെതന്യാഹു വൈകാതെ ബന്ധപ്പെട്ടേക്കും. അതിനിടെ ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലറും രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതിയെ അപലപിച്ച ഇരു രാജ്യങ്ങളും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും പിന്മാറണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ബ്രിട്ടനും ആവശ്യപ്പെട്ടു.

അതേസമയം ഇസ്രയേല്‍ സൈനിക ആക്രമണത്തെ തുര്‍ക്കിയും ഒമാനും സൗദി അറേബ്യയും അപലപിച്ചു. ഇസ്രയേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ അവഗണിച്ചുള്ള പ്രകോപനം സൃഷ്ടിക്കലാണെന്ന് തുര്‍ക്കി അഭിപ്രായപ്പെട്ടപ്പോള്‍ നിലവിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇസ്രയേല്‍ ആണെന്ന് ഒമാന്‍ പറഞ്ഞു.

ഇറാന് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ ഡോണള്‍ഡ് ട്രംപ് പ്രശംസിച്ചു. ഇനിയും വരാനിരിക്കുന്നതേയുള്ളൂ നടന്നതെല്ലാം മികച്ചതായിരുന്നുവെന്നുമാണ് ട്രംപിന്റെ പ്രതികരണം. ഇറാന് അവസരം നല്‍കി, പക്ഷേ അത് ഉപയോഗിച്ചില്ല. കഠിനമായ തിരിച്ചടിയാണ് ഫലമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയില്ല.

ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയാമെന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. അതേസമയം ഇസ്രയേല്‍ സൈനിക ആക്രമണത്തില്‍ ഇതുവരെയും 78 പേര്‍ കൊല്ലപ്പെട്ടതായും 329 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Israeli-Iran Tension PM Netanyahu speaks to PM Modi and other global leaders

dot image
To advertise here,contact us
dot image