
തെഹ്റാന്: ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ എഐ വീഡിയോ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ നഗരത്തില്‍ വലിയ സ്ഫോടനം നടന്നുവെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയത്.
മിസൈല്‍ ആക്രമണത്തിന്റെ ഭാഗമായുള്ള വലിയ തീഗോളങ്ങളും പുകപടലങ്ങളും പകര്‍ത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഏപ്രിലില്‍ ടിക്ടോക്കില്‍ അപ്ലോഡ് ചെയ്ത എഐ വീഡിയോയാണിതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിലെ പൊരുത്തക്കേടുകള്‍ നമുക്ക് മനസിലാകുന്നതാണെന്നും ബിബിസി പറഞ്ഞു.
അതേസമയം ഇസ്രയേലിന് തിരിച്ചടി നല്കിയ ഇറാനെ പ്രശംസിച്ച് ഹമാസ് നേതാവ് രംഗത്തെത്തി. അയണ്‍ ഡോമിനെക്കുറിച്ചും ഡേവിഡിന്റെ സ്ലിംഗ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും പ്രചരണങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. എന്നിട്ടും ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന് വിജയകരമായി ആക്രമണം നടത്തിയെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഇസാത്ത് അല്‍-റിഷെഖ് പ്രശംസിച്ചു. ശക്തവും നേരിട്ടുള്ളതുമായ ആക്രമണം എന്നായിരുന്നു ഹമാസ് നേതാവ് പ്രതികരിച്ചത്. പ്രാദേശിക പലസ്തീന് വാര്‍ത്താ വെബ്സൈറ്റുകള്‍ പുറത്ത് വിട്ട് പ്രസ്താവനയിലാണ് ഹമാസ് നേതാവിന്റെ പ്രതികരണം.
അതേ സമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. ഇറാന്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 78 പേര് കൊല്ലപ്പെട്ടുവെന്നും 320ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുമായി ഇറാനും രംഗത്ത് വന്നതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് ഇറാന് നടത്തിയത്. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍അവീവിലും ജറുസലേമിലും ഇറാന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Fake AI video viral about Iran Israel conflict Report