'ട്യൂമറില്‍ നിന്ന് മുക്ത, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി ആശുപത്രി വിടുന്നു'; ദീപിക ആശുപത്രി വിട്ടു

'നിങ്ങളുടെ സ്‌നേഹവും കരുതലും കൊണ്ടാണ് എനിക്ക് ഇത്ര വേഗം സുഖപ്പെടാന്‍ കഴിഞ്ഞത്.'

dot image

ദീപിക കക്കറിന് രണ്ടാം ഘട്ട ലിവര്‍ കാന്‍സര്‍ സ്ഥിരീകരിച്ചുകൊണ്ട് ഭര്‍ത്താവ് ഷോയിബ് ഇബ്രാഹിം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. സംഭവത്തില്‍ ദീപികയ്ക്ക് പിന്തുണയും, പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് നിരവധി ആരാധകരും സഹപ്രവര്‍ത്തകുമാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന ദീപിക ലിവര്‍ കാന്‍സറിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടുന്നു എന്ന പുതിയ വാര്‍ത്തയാണ് പുറത്തു വരുന്നത്. ദീപിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.

രണ്ടാംഘട്ട ലിവര്‍ കാന്‍സറിന്റെ ചികിത്സയുടെ ഭാഗമായി 11 ദിവസമാണ് ദീപിക ആശുപത്രിയില്‍ ചെലവഴിച്ചത്. 14 മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കാണ് ദീപിക കക്കര്‍ വിധേയ ആയത്. ഇപ്പോള്‍ ആശുപത്രിവാസം അവസാനിച്ച് താന്‍ വീട്ടിലേക്ക് മടങ്ങുന്നതിന്റെ ആഹ്ളാദം പങ്കുവയ്ക്കുകയാണ് ദീപിക.

''11 ദിവസത്തെ ആശുപത്രിവാസം അവസാനിച്ചു. ഇപ്പോള്‍ വീട്ടിലാണ്. ട്യൂമറില്‍ നിന്ന് മുക്തയായി. എനിക്കറിയാം ഇത് ചികിത്സയുടെ ഭാഗമാണെന്ന്'' ദീപിക പറഞ്ഞു. ''ബാക്കി ചികിത്സ വരും കാലങ്ങളില്‍ തുടരും, മുന്നേ പറഞ്ഞത് പോലെ ഇതിനെ മറികടക്കാന്‍ എനിക്ക് കഴിയും. ചുറ്റിലും ഒരുപാട് നല്ല മനുഷ്യര്‍ ഉണ്ടായിരുന്നതിനാല്‍ ഈ 11 ദിവസങ്ങള്‍ പെട്ടെന്ന് കടന്നുപോയി. കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു, പക്ഷെ ആശുപത്രിയിലെ ആളുകള്‍ ഊഷ്മളതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു.'' ദീപിക വ്യക്തമാക്കി.

തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു ദീപിക രംഗത്തെത്തിയത്. അവര്‍ വെറും ഡോക്ടര്‍മാര്‍ മാത്രമല്ല, ദൈവത്തിന്റെ കരങ്ങളാണ് എന്നും ദീപിക പറഞ്ഞു.

'എന്നെ പരിചരിച്ച നേഴ്‌സുമാര്‍ക്കും, സഹായിക്കാന്‍ എത്തിയ സത്രീകള്‍ക്കും നന്ദി. ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. നിങ്ങളുടെ സ്‌നേഹവും കരുതലും കൊണ്ടാണ് എനിക്ക് ഇത്ര വേഗം സുഖപ്പെടാന്‍ കഴിഞ്ഞത്.' ദീപിക പറഞ്ഞു.

'നിങ്ങള്‍ എല്ലാവരും എനിക്ക് നല്‍കിയ സ്‌നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. നന്ദി…' ദീപിക കൂട്ടിച്ചേര്‍ത്തു. ദീപിക തിരിച്ച് വീട്ടില്‍ എത്തുന്നതിന്റെയും, അവള്‍ക്കായ് റോസാപ്പൂക്കള്‍ നല്‍കിക്കൊണ്ട് വീട്ടിലേക്ക് സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അവരുടെ ഭര്‍ത്താവും നടനുമായ ഷോയിബ് തന്റെ യൂട്യൂബില്‍ പങ്കുവച്ചു.

Content Highlight; Dipika Kakkar Released from Hospital after Stage 2 Liver Cancer Surgery

dot image
To advertise here,contact us
dot image