
Jul 5, 2025
05:32 AM
ന്യൂഡല്‍ഹി: കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് മോദിയെ ക്ഷണിച്ചത്. മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിച്ചു. ജൂണ്‍ 15 മുതല്‍ 17വരെയാണ് ജി 7 ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്.
മികച്ച ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഉച്ചകോടിയിലെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ നയതന്ത്രബന്ധം വഷളായിരിക്കെ, ആതിഥേയരായ കാനഡ ഇന്ത്യയെ ക്ഷണിക്കുമോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനിടെയാണ് മാർക്ക് കാർണിയുടെ ക്ഷണമെത്തിയിരിക്കുന്നത്. ഇന്ത്യ അംഗമല്ലെങ്കിലും 2019 മുതലുള്ള ഉച്ചകോടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നു.
ഇന്ത്യ കൂടാതെ ഓസ്ട്രേലിയ, ബ്രസീല്‍, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, യുക്രൈന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കും. കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലേറ്റിരുന്നു. എന്നാല്‍ മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായതോടെ ഇതില്‍ മാറ്റങ്ങളുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
Content Highlights- Indian Prime Minister accepts invitation to G7 summit in Canada