യുക്രെയ്നിനെതിരെ റഷ്യ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചു; വെളിപ്പെടുത്തലുമായി ഡച്ച് രഹസ്യാന്വേഷണ ഏജന്‍സികൾ

ഇതിന്‍റെ തെളിവുകളടങ്ങിയ റിപ്പോര്‍ട്ട് നെതര്‍ലന്‍ഡ്സ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

dot image

കീവ്: യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് ഡച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോ‍‌ർട്ട്. ബങ്കറുകളില്‍ ഒളിച്ചിരിക്കുന്ന സൈനികരെ പുറത്തുചാടിച്ച് വെടിവെയ്ക്കാനാണ് രാസായുധം പ്രയോഗിച്ചതെന്നാണ് വിവരം. ഡ്രോണുകള്‍ ഉപയോഗിച്ചാണ് രാസായുധ പ്രയോഗം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്‍റെ തെളിവുകളടങ്ങിയ റിപ്പോര്‍ട്ട് നെതര്‍ലന്‍ഡ്സ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.

റഷ്യ യഥേഷ്ടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലെ നിഗമനമെന്നും ഡച്ച് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസ് പറഞ്ഞു. അങ്ങേയറ്റം ആശങ്കാജനകമാണ് സ്ഥിതിയെന്നും റഷ്യ വര്‍ഷങ്ങളായി രാസായുധം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മോസ്കോയ്‌ക്കെതിരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഡച്ച് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസ് അറിയിച്ചു.

രാസായുധങ്ങള്‍ പ്രയോഗിച്ച് ശ്വാസംമുട്ടിക്കുന്നതോടെ കിടങ്ങുകളില്‍ നിന്ന് പുറത്തുചാടുന്ന സൈനികരെ ആക്രമിക്കുകയായിരുന്നു റഷ്യയുടെ പദ്ധതിയെന്ന് നെതര്‍ലന്‍ഡ്സ് മിലിറ്ററി ഇന്‍റലിജന്‍സ് മേധാവി പീറ്റര്‍ റീസ്നിക് റോയിട്ടേഴ്സിനോട് പറഞ്ഞു. റഷ്യന്‍ രാസായുധ പ്രയോഗത്തില്‍ കുറഞ്ഞത് മൂന്ന് യുക്രെയ്ന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നാണ് നെതര്‍ലന്‍ഡ്സിന്‍റെ കണ്ടെത്തല്‍. രണ്ടായിരത്തിയഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഡച്ച് പ്രതിരോധമന്ത്രി വ്യക്തമാക്കി. യുക്രെയ്ന് നേരെയുള്ള റഷ്യയുടെ രാസായുധ പ്രയോഗം മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയായേക്കാം. യുക്രെയ്നില്‍ റഷ്യ രാസായുധം പ്രയോഗിച്ചതിന് ഒന്‍പതിനായിരത്തിലേറെ കേസുകള്‍ ചൂണ്ടിക്കാട്ടാനാകുമെന്നും പീറ്റര്‍ റീസ്നിക് അവകാശപ്പെട്ടു.

ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി ഉപയോഗിച്ച നിരോധിത രാസായുധമായ ക്ലോറാപിക്രിനാണ് റഷ്യ ഉപയോഗിക്കുന്നതെന്നും ഡച്ച് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. 2024 സെപ്റ്റംബറില്‍ യുഎസും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. യുക്രെയ്ന്‍ ഇക്കാര്യം നിരന്തരം ആവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോ‍‌ർട്ട് ചെയ്യുന്നു.

ഡച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വെളിപ്പെടുത്തലിനോട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അനധികൃതമായ ഒരു ആയുധവും ഉപയോഗിക്കുന്നില്ലെന്ന് മാത്രമാണ് മോസ്കോയുടെ നിലപാട്. അതേസമയം, യുക്രെയ്ന്‍ ക്ലോറാപിക്രിന്‍ ഉപയോഗിക്കുന്നതായി തങ്ങള്‍ക്ക് തെളിവ് കിട്ടിയിട്ടുണ്ടെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖ്റോവ ബുധനാഴ്ച ആരോപിക്കുകയും ചെയ്തു. ഇക്കാര്യം യുക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ട്.

Content Highlight : Russian use of chemical weapons against Ukraine 'widespread', Dutch defence minister says

dot image
To advertise here,contact us
dot image