വിദേശ വിദ്യാർത്ഥികളെ വലച്ച് ട്രംപ് ഭരണകൂടം; വിസ അഭിമുഖം താൽക്കാലികമായി നിർത്തിവെച്ചു,ഇന്ത്യക്കാരെയും ബാധിക്കും

വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം (സോഷ്യല്‍ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത

dot image

വാഷിങ്ടണ്‍: വിദ്യാര്‍ത്ഥി വിസയില്‍ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അഭിമുഖം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം (സോഷ്യല്‍ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികളും എക്‌സ്‌ചേഞ്ച് സന്ദര്‍ശകരുമായ അപേക്ഷകര്‍ക്ക് സോഷ്യല്‍ മീഡിയ വെറ്റിങ് സംബന്ധിച്ച് പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ട്രംപ് ഭരണകൂടം തങ്ങളുടെ കടുത്ത കുടിയേറ്റ അജണ്ട നിറവേറ്റുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി നാടുകടത്തല്‍ വര്‍ധിപ്പിക്കാനും വിദ്യാര്‍ത്ഥി വിസ റദ്ദാക്കാനും ശ്രമിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

Donald Trump
ഡൊണാള്‍ഡ് ട്രംപ്

എന്നാല്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്ന അഭിമുഖങ്ങളെ പുതിയ നയം ബാധിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ട്രംപിന്റെ പുതിയ നയം സ്റ്റുഡന്റ് വിസ പ്രോസസിങ്ങിനെ മാത്രമല്ല, സാമ്പത്തികമായി വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ വളരെയധികം ആശ്രയിക്കുന്ന അമേരിക്കന്‍ സര്‍വകലാശാലകളെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഗാസയിലെ ഇസ്രേയല്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തുന്ന് കരുതപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രംപ് ഭരണകൂടം സോഷ്യല്‍മീഡിയ സ്‌ക്രീനിങ്ങ് കടുപ്പിച്ചിരുന്നു.

അതേസമയം ക്ലാസുകള്‍ ഒഴിവാക്കുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകള്‍ ഒഴിവാക്കുകയോ, അല്ലെങ്കില്‍ സ്ഥാപനത്തെ അറിയിക്കാതെ കോഴ്‌സില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിസ നിബന്ധനകള്‍ എപ്പോഴും പാലിക്കണമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചത്.

Content Highlights: Donald Trump administration pauses foreign student visa interview

dot image
To advertise here,contact us
dot image