
ഡെറാഡൂണ്‍: ആശുപത്രികളോട് സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഡോക്ടര്‍മാരുടേയും ആശുപത്രി ജീവനക്കാരുടേയും അവധികള്‍ റദ്ദാക്കി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലുമായി 12,000 കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യ സെക്രട്ടറി ഡോ. ആര്‍ രാജേഷ് കുമാര്‍ നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലേയും ഐസിയുകളും വെന്റിലേറ്ററുകളും പൂര്‍ണമായും സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരിലും പഞ്ചാബിലും ചണ്ഡീഗഡിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉറിയില്‍ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായാണ് വിവരം. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ തകര്‍ന്ന പാക് മിസൈല്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. ഹോഷിയാര്‍പൂരിലെ കൃഷിയിടത്തിലാണ് മിസൈല്‍ കണ്ടെത്തിയത്. പഞ്ചാബ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചണ്ഡീഗഡിലും ഹരിയാനയിലും അപായ സൈറണ്‍ മുഴക്കി. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ ഇരിക്കാനും വൈദ്യുതി ഓഫ് ചെയ്യാനും ചണ്ഡീഗഡ് ഭരണകൂടം നിര്‍ദേശം നല്‍കി.
അതിനിടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, ഭന്തര്‍, കിഷന്‍ഗഡ്, പട്ട്യാല, ഷിംല. കന്‍ഗ്ര, ഭട്ടീന്ദ, ജയ്‌സാല്‍മര്‍, ജോദ്പുര്‍, ബിക്കാനെര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍ (രാജ്‌കോട്ട്), പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് സര്‍വീസുകളും എത്തിച്ചേരേണ്ട അഞ്ച് സര്‍വീസുകളും റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയ്ക്കുള്ള രണ്ട് സര്‍വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്‍ഡന്‍, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് ഉത്തരേന്ത്യന്‍ അതിര്‍ത്തി മേഖലകളിലേയ്ക്കുള്ള സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി. അമൃത്‌സര്‍, ചണ്ഡിഗഡ്, ശ്രീനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുള്‍പ്പെടെ 29 സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു.
Content Highlights- Uttarakhand hospitals on high alert amid border tensions