ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര്? വത്തിക്കാനിൽ കോൺക്ലേവിന് തുടക്കം; ആദ്യ ഫലം അല്‍പ്പസമയത്തിനകം

കോണ്‍ക്ലേവില്‍ പങ്കെടുക്കാത്തവര്‍ പുറത്ത് കടക്കണമെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നയാള്‍ ആവശ്യപ്പെടുകയും ചാപ്പലിന്റെ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്തു

dot image

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിച്ചു. 133 കര്‍ദ്ദിനാളുമാര്‍ എത്തിച്ചേര്‍ന്നതോടെ സിസ്‌റ്റൈന്‍ ചാപ്പല്‍ അടച്ചു. ലാറ്റിന്‍ മന്ത്രങ്ങളോടും ഓര്‍ഗന്‍ സംഗീതത്തിന്റെ അലയടികളോടെയുമാണ് കര്‍ദിനാള്‍മാര്‍ 500 വര്‍ഷം പഴക്കമുള്ള മുറിയിലേക്ക് പ്രവേശിച്ചത്.

കോണ്‍ക്ലേവിനെ കുറിച്ച് ഒന്നും പറയില്ലെന്ന് സുവിശേഷങ്ങളില്‍ കൈവെച്ച് പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കാത്തവര്‍ പുറത്ത് കടക്കണമെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നയാള്‍ ആവശ്യപ്പെടുകയും ചാപ്പലിന്റെ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്തു.

കോണ്‍ക്ലേവിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും. ഫലം ഇന്ത്യന്‍ സമയം പത്തരയോടെ പുറത്ത് വരും. ഫോണോ മറ്റ് മാധ്യമങ്ങളോ ഇല്ലാതെ പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ദ്ദിനാള്‍മാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. ഒരു സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ വോട്ടെടുപ്പ് ആവര്‍ത്തിക്കും.

ചിലപ്പോള്‍ ഇത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കാം. മുമ്പ് വോട്ടെടുപ്പ് മാസങ്ങളോളം നീണ്ടുനിന്ന സമയമുണ്ടായിട്ടുണ്ട്. കോണ്‍ക്ലേവിനിടെ ചില കര്‍ദ്ദിനാള്‍മാര്‍ മരിച്ച സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. കോണ്‍ക്ലേവ് എങ്ങനെ പുരോഗമിക്കുന്നു എന്നത് മനസിലാക്കുന്ന സൂചന, കര്‍ദ്ദിനാള്‍മാര്‍ ബാലറ്റ് പേപ്പറുകള്‍ കത്തിക്കുന്നതിലൂടെ ദിവസത്തില്‍ രണ്ട് തവണ ഉയര്‍ന്നുവരുന്ന പുക മാത്രമാണ്. കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നുമാണ് സൂചിപ്പിക്കുന്നത്.

Content Highlights: Conclave to elect new pope starts in vatican

dot image
To advertise here,contact us
dot image