
ശ്രീനഗർ: തുർക്കി നാവിക കപ്പൽ പാകിസ്താനിലെ കറാച്ചി തുറമുഖത്തെത്തി. ടിസിജി ബുയുക്കഡയാണ് പാകിസ്താനിലെത്തിയത്. സൗഹാർദ്ദ സന്ദർശനമെന്നാണ് പാകിസ്താൻ്റെ പ്രസ്താവന. "പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്" എന്ന് പ്രസ്താവനയിൽ പറയുന്നു. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണിതെന്നതും ശ്രദ്ധേയമാണ്.
ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി നാളെ പാകിസ്താൻ സന്ദർശിക്കും. തിരിച്ച് ടെഹറാനിലെത്തിയ ശേഷം ഇന്ത്യയിലേക്ക് തിരിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സന്ദർശനം.
അതേസമയം, പ്രതിരോധ മന്ത്രി എന്ന നിലയിൽ താൻ സൈനികരോടൊപ്പമാണെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചു. രാജ്യത്തിന്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണ്. രാജ്യത്തെ ആക്രമിച്ചവർക്ക് ഉചിതമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ അതിർത്തി അതീവ ജാഗ്രതയിലാണ്. സൈന്യം ബങ്കറുകൾ സജജമാക്കിയിട്ടുണ്ട്. വ്യോമസേന സൈനികശേഷി വർധിപ്പിച്ചു. റഷ്യൻ നിർമിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എയർ ചീഫ് മാർഷൽ കൂടിക്കാഴ്ച നടത്തി. കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. നിയന്ത്രണ രേഖയിലെ പ്രകോപനത്തിനും സേന തിരിച്ചടി നൽകി. പാകിസ്താനിലേക്ക് ജലമൊഴുക്ക് തടയാൻ ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടർ താഴ്ത്തിയിട്ടുണ്ട്.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വിദേശ വിനോദസഞ്ചാരിയുൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരൺവാലിയിലെ പൈൻമരക്കാടുകളിൽ നിന്ന് ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.
Content Highlights: Turkish Navy Ship Arrives In Pakistan