'മാർപാപ്പയെ പരിഹസിക്കുന്നോ?', പോപ്പിന്റെ വേഷം ധരിച്ച ചിത്രം ട്രൂത്തിൽ പങ്കുവെച്ച് ട്രംപ്

ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്

dot image

വാഷിങ്ടൺ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കവെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ആകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നറിയിച്ച് ​ദിവസങ്ങൾക്ക് ശേഷമാണ് പോസ്റ്റുമായി പ്രസിഡന്റ് രം​ഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായവുമായി എത്തുന്നത്. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന ആരോപണവും ഉയർന്നു.

ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി.അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായുളള പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴിനാണ് ആരംഭിക്കുക. 80 വയസില്‍ താഴെയുളള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് പങ്കെടുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സിസ്റ്റിൻ ചാപ്പലിലാണ് കോൺക്ലേവ് നടക്കുക.പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോൺക്ലേവ് തുടരും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും.

ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്.

Content Highlights: Donald Trump shares photo of himself as Pope

dot image
To advertise here,contact us
dot image