
ന്യൂ ഡൽഹി: പഹൽഗാം ഭീകരമാണത്തിന് പിന്നാലെ ഇന്ത്യ നടപടികൾ ശക്തമാക്കവേ മിസൈൽ പരീക്ഷണം നടത്താന്‍ പാകിസ്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ സർഫസ് ടു സർഫസ് മിസൈൽ, കറാച്ചി തീരത്തുനിന്നും പാകിസ്താൻ പരീക്ഷിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ സ്ഥിതിഗതികളെല്ലാം നിരീക്ഷിച്ചുവരികയാണ്.
ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് തെളിഞ്ഞുവന്നതിന് പിന്നാലെ എല്ലാ ബന്ധങ്ങളും നിർത്തിവെക്കുക തന്നെയാണ് ഇന്ത്യ. അട്ടാരി അതിർത്തിയിലെ പ്രതിദിന ബീറ്റിങ് ദി റിട്രീറ്റ് നിർത്തിവയ്ക്കുമെന്നാണ് റിപ്പോർട്ട്. അട്ടാരി - വാഗ അതിർത്തി അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.
എല്ലാ രീതിയിലും പാകിസ്താനെതിരെ നടപടികൾ കടുപ്പിക്കുകയാണ് ഇന്ത്യ. പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.
സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം കടുത്ത നടപടികളാണ് കേന്ദ്രസർക്കാർ പാകിസ്താനെതിരെ സ്വീകരിച്ചത്. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികൾ ഇന്ത്യ മരവിപ്പിച്ചു. വാഗ - അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായിരുന്നു.