ഗാസ ഒരു കൂട്ടക്കുഴിമാടമായി മാറുന്നു, ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിൽ പങ്കാളികളാവുന്നു: ആഞ്ജലീന ജോളി

ഗാസയിലെ ജനം നേരിടുന്ന ഭയാനകമായ സാഹചര്യവും അവർ തുറന്നുകാട്ടി

ഗാസ ഒരു കൂട്ടക്കുഴിമാടമായി മാറുന്നു, ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിൽ പങ്കാളികളാവുന്നു: ആഞ്ജലീന ജോളി
dot image

വാഷിങ്ടൺ ഡിസി: ഗാസ ഒരു കൂട്ടക്കുഴിമാടമായി മാറുകയാണെന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി. ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ജബലിയയിൽ നടന്ന വ്യോമാക്രമണത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയില്ലാതെ ഗാസയിലെ ജനം നേരിടുന്ന ഭയാനകമായ സാഹചര്യവും അവർ തുറന്നുകാട്ടി.

വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തില് പങ്കാളികളാവുകയാണെന്നും അവർ വിമർശിച്ചു.

'രണ്ട് ദശാബ്ദത്തോളമായി ഒരു തുറന്ന ജയിലായി തുടരുന്ന ഗാസ അതിവേഗം ഒരു കൂട്ടക്കുഴിമാടമായി മാറുകയാണ്. കൊല്ലപ്പെട്ടവരിൽ 40 ശതമാനവും നിരപരാധികളായ കുട്ടികളാണ്. മുഴുവൻ കുടുംബങ്ങളും കൊല്ലപ്പെടുന്നു. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പലസ്തീനികൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വമില്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, മാനുഷിക സഹായമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ ക്രൂരത. വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്റെ പങ്കാളികളാവുകയാണ്', ആഞ്ജലീന കുറിച്ചു.

അതേസമയം, ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ മരണം ഇരുനൂറിനടുത്തായി. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 120 പേരെ കാണാതായതായും വിവരമുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു തവണയാണ് ക്യാമ്പിൽ ആക്രമണമുണ്ടായത്.

ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണം; മരണം 195 ആയി; ഒറ്റപ്പെട്ട് ഗാസ
dot image
To advertise here,contact us
dot image