മൊത്തമായി മദ്യം പുറത്തേക്ക്; കൺസ്യൂമർ ഫെഡ് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

dot image

തൃശ്ശൂർ: മദ്യക്കച്ചവടക്കാർക്ക് കൂടിയ വിലയ്ക്ക് മദ്യം മറിച്ചുവിറ്റ കൺസ്യൂമർഫെഡ് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. കുന്നംകുളം ചെറുവത്തൂർ വീട്ടിൽ മെറീഷ്, ഒല്ലൂക്കര മഠത്തിൽ പറമ്പിൽ ജയദേവ്, ഒല്ലൂക്കര തോണിപ്പുരയ്ക്കൽ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 60 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു. തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കമ്പനി എക്സിക്യൂട്ടീവുകളുടെ വേഷത്തിൽ സ്കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗിലുമായാണ് സംഘം മദ്യം കടത്താൻ ശ്രമിച്ചത്. പ്രതികളിലൊരാളായ ജയദേവ് പുത്തൂർ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലയിലെ ജീവനക്കാരനാണ്. ജയദേവ് കുറേക്കാലമായി മദ്യ ഷാപ്പ് അടച്ചതിനുശേഷം മദ്യം വലിയതോതിൽ പുറത്തുകടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

മൊത്തമായി മദ്യം വിൽപ്പനശാലയ്ക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമ്മീഷനായി മദ്യക്കച്ചവടക്കാർ നൽകിവരാറുണ്ടെന്നായിരുന്നു എന്നാണ് പിടിയിലായ മറ്റ് പ്രതികൾ എക്സൈസിന് നൽകിയ മൊഴി. അതേസമയം, കൺസ്യൂമർ ഫെഡ് ഷോപ്പിൽ നിന്ന് മദ്യം പുറത്തെത്തിക്കുന്നതിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

dot image
To advertise here,contact us
dot image