
തിരുവനന്തപുരം: വിവാഹത്തിന് നൽകിയ സ്ത്രീധനത്തിന് പുറമെ അധികം ആവശ്യപ്പെട്ട് യുവതിയെയും കുടുംബക്കാരെയും മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെയും കുടുംബക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. തമിഴ്നാട് മാർത്താണ്ഡം സ്വദേശിനി ഐശ്വര്യ (23)യുടെ പരാതിയെ തുടർന്ന് ഭർത്താവായ വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള കോട്ടേജിൽ റോണി (28), ഇയാളുടെ രക്ഷിതാക്കൾ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമിയും വിറ്റ് അധികം സ്ത്രീധനം നൽകണമെന്നായിരുന്നു ആവശ്യം. 2022 ഒക്ടോബർ 31നായിരുന്നു ഇരുവരും വിവാഹിതരായത്. 175 പവൻ സ്വർണവും 45 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നു.
വിവാഹത്തിന് ശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരിൽ തമിഴ്നാട്ടിലുള്ള രണ്ടേക്കർ ഭൂമി റോണിയുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐശ്വര്യയുടെ കുടുംബം ഇതിന് തയ്യാറാകാതിരുന്നതോടെ രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടിൽകൊണ്ടുവിട്ടു. ബന്ധം വേർപിരിക്കുന്നതിനായി കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഈ സാഹചര്യത്തിലാണ് യുവതി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. സിവിൽ സർവീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇൻസ്പെക്ടർ പട്ടികയിൽ പേരുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്.