സഞ്ജു തന്നെ സിഎസ്കെയുടെ അടുത്ത ‘തല‘? സർപ്രൈസ് നീക്കത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിം​ഗ്സ്

വരാനിരിക്കുന്ന സീസണിൽ റുതുരാജ് ​ഗെയ്ക്‌വാദ്‌ തന്നെ ക്യാപ്റ്റനാവുമെന്ന് സിഎസ്കെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരുന്നു

സഞ്ജു തന്നെ സിഎസ്കെയുടെ അടുത്ത ‘തല‘? സർപ്രൈസ് നീക്കത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിം​ഗ്സ്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2026 സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ടുകള്‍. 18 കോടിക്ക് ഐപിഎൽ മിനി ലേലത്തിനു മുമ്പുതന്നെ സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങിയിരുന്നു. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്താണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്.

വരാനിരിക്കുന്ന സീസണിൽ റുതുരാജ് ​ഗെയ്ക്‌വാദ്‌ തന്നെ ക്യാപ്റ്റനാവുമെന്ന് സിഎസ്കെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 2026 ഐപിഎൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് ടീമിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചെന്നൈയുടെ എക്കാലത്തെയും ഇതിഹാസനായകൻ എം എസ് ധോനിയുടെ പിൻഗാമിയെന്ന നിലയിൽ ഭാവി നായകനായാണ് സിഎസ്കെ സഞ്ജുവിനെ കാണുന്നത്. അടുത്ത സീസണോടെ ധോണി വിരമിക്കുമെന്ന സൂചനകൾക്കിടെ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് വളർത്തിക്കൊണ്ടുവരാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. വരും സീസണിൽ ചില മത്സരങ്ങളിൽ ധോണി ഇംപാക്ട് പ്ലെയറായി കളിക്കാൻ സാധ്യതയുള്ളതിനാൽ സഞ്ജു തന്നെയാകും ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പർ. ഉർവിൽ പട്ടേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും അനുഭവസമ്പത്ത് കണക്കിലെടുത്ത് സഞ്ജുവിനായിരിക്കും മുൻഗണന.

രാജസ്ഥാൻ റോയൽസിനെ നയിച്ച മികച്ച ട്രാക്ക് റെക്കോർഡുള്ള സഞ്ജുവിന്റെ വരവ് ചെന്നൈ സൂപ്പർ‌ കിം​ഗ്സിന് പുതിയൊരു ഊർജ്ജം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 'തല'യ്ക്ക് ശേഷം ചെന്നൈയുടെ വിശ്വസ്തനായ നായകനായി മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ‌ മാറുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Content Highlights: IPL 2026: Sanju Samson likely to be Chennai Super Kings's vice-captain

dot image
To advertise here,contact us
dot image