
ലോകമെമ്പാടും ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പിന് ഏകദേശം 270 കോടിയോളം പ്രതിമാസ ഉപയോക്താക്കളുണ്ട്. സ്മാർട്ട്ഫോൺ, ഡെസ്ക്ടോപ്പ്, ആൻഡ്രോയിഡ് ടാബ്ലെറ്റുകൾ എന്നിവയിലൂടെയാണ് അവർ ആപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ആപ്പിൾ ആരാധകർ ഏറെ നാളായി ഉന്നയിക്കുന്ന വലിയൊരു പരാതിയാണ് വാട്ട്സ്ആപ്പിന് ഐപാഡ് പതിപ്പില്ല എന്നത്. ഇപ്പോഴിതാ ആ പരാതിക്ക് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് മെറ്റ.
ഐപാഡുകൾക്കായുള്ള വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പിന്റെ ടെസ്റ്റിംഗ് മെറ്റ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഐപാഡിന് അനുയോജ്യമായ ഒരു ബീറ്റ പതിപ്പിന്റെ പരീക്ഷണം തുടങ്ങിയതായും മൊബൈൽ പതിപ്പിന്റെ എല്ലാ ഫീച്ചറുകളും ഈ പതിപ്പിലുമുണ്ടാകുമെന്നും Wabetainfo അറിയിച്ചു.
നിലവിൽ ഐപാഡ് ഉപയോക്താക്കൾ ആപ്പ് ഉപയോഗിക്കുന്നതിനായി വാട്ട്സ്ആപ്പ് വെബ് പതിപ്പിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ ഒരുക്കുന്ന ഐപാഡ് ഒഎസ്സിനെയുള്ള വാട്ട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് ഏത് ആപ്പിൾ ഡിവൈസുകളിലും അവരുടെ സന്ദേശങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും.
വാട്ട്സ്ആപ്പ് ഉടൻ തന്നെ ഐപാഡ് ഒഎസ്സിനുളള പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഈ പതിപ്പും ഐഫോണുമായി ലിങ്ക് ചെയ്തു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഐപാഡിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും എന്നാണ് സൂചന. കൂടാതെ സ്വകാര്യത ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറുമുണ്ടാകും. എന്നാൽ ഐപാഡിനുള്ള വാട്ട്സ്ആപ്പ് പതിപ്പ് എപ്പോൾ മുതൽ ലഭ്യമാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.