

യുവേഫ നേഷന്‍സ് ലീഗ് 2025 സീസണിന്റെ ഫൈനല്‍ ചിത്രം തെളിഞ്ഞിരിക്കുകയാണ്. കലാശപ്പോരില്‍ ശക്തരായ സ്‌പെയ്‌നും പോര്‍ച്ചുഗലുമാണ് പരസ്പരം ഏറ്റുമുട്ടുക. രണ്ടാം നേഷന്‍സ് കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. 2019 ല്‍ ആരംഭിച്ച രണ്ട് വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടുന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ഉത്സവത്തിന്റെ പ്രഥമ സീസണിലെ കിരീടം നേടിയത് പോര്‍ച്ചുഗലായിരുന്നു. തുടര്‍ച്ചയായ മൂന്നാം സീസണിലും ഫൈനല്‍ ബെര്‍ത്ത് നേടിയ സ്പെയ്നായിരുന്നു കഴിഞ്ഞ തവണ ചാമ്പ്യന്മാര്‍. ഇരുടീമുകളുടെയും ഇത്തവണത്തെ റോഡ് ടു ഫൈനല്‍ നോക്കാം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെയാണ് പോര്‍ച്ചുഗലിന്റെ വരവ്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ ഡെന്മാര്‍ക്കിനോട് ഒരു ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയെങ്കിലും രണ്ടാം പാദത്തില്‍ ശക്തമായി തിരിച്ചുവന്ന് 5-2 ന്റെ ആധികാരിക ജയത്തോടെ സെമിയിലേക്ക് കയറി.

സെമിയിലും ശക്തരായ ജര്‍മനിക്കെതിരെ ഗംഭീര പോരാട്ടമാണ് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിലുള്ള സംഘം നടത്തിയത്. ആദ്യം ഒരു ഗോളിന്റെ ലീഡ് വഴങ്ങിയെങ്കിലും പിന്നീട് രണ്ട് ഗോളടിച്ച് ഫൈനല്‍ ബെര്‍ത്ത് നേടിയെടുത്തു. ഇതില്‍ ടീമിന്റെ വിജയ ഗോള്‍ നേടിയത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടിയായിരുന്നു.
മറുവശത്ത് നിലവിലെ യൂറോ കപ്പ് ജേതാക്കള്‍ കൂടിയായ സ്പെയ്ന്‍ സ്വപ്നതുല്യമായ പ്രകടനമാണ് നേഷന്‍സ് ലീഗിലും ഇതുവരെ കാഴ്ച വെച്ചത്. ലൂയിസ് ഡി ലാ ഫ്യുന്റെയ്ക്ക് കീഴില്‍ അടിമുടി മാറിയ സംഘത്തിന് നേഷന്‍സ് ലീഗില്‍ ഇതുവരെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായ സ്പെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.
PORTUGAL VS. SPAIN FOR THE NATIONS LEAGUE FINAL 🇪🇸🇵🇹
— ESPN FC (@ESPNFC) June 5, 2025
First time Cristiano Ronaldo and Lamine Yamal face-off 🍿 pic.twitter.com/qM2ly35LzW
സെമിയില്‍ കരുത്തരായ ഫ്രാന്‍സിനെ 5 - 4 നാണ് സ്പെയ്ന്‍ കീഴടക്കിയത്. ഇന്ന് പുലര്‍ച്ചെ നടന്ന സെമിയില്‍ താരമായത് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ യമാലായിരുന്നു. ഇതോടെ രണ്ട് തലമുറകളിലെ താരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ഫൈനല്‍ പോരാട്ടത്തിന് കൂടിയാകും ജൂണ്‍ ഏഴിന് മ്യൂണിച്ചിലെ അലയന്‍സ് അറീന സ്റ്റേഡിയം സാക്ഷിയാവുക. 17 കാരന്‍ യമാലും 40 കാരന്‍ റൊണാള്‍ഡോയും ഇരുവശത്ത് സൂപ്പര്‍ സ്റ്റാറുകളായി അണിനിരക്കുമ്പോള്‍ കൂട്ടിന് പരിചയ സമ്പത്തും യുവത്വവും കൂടിക്കലരുന്ന ഒരുപിടി താരങ്ങളുമുണ്ട്.
നിലവില്‍ ടൂര്‍ണമെന്റ് ടോപ്‌സ്‌കോറര്‍മാറില്‍ രണ്ടാമതുണ്ട് റൊണാള്‍ഡോ. രാജ്യാന്തര ഫുട്ബാളില്‍ 137 ഗോളുകളും കരിയറില്‍ 937 ഗോളുകളും നേടിയ താരം നേഷന്‍സ് ലീഗിലൂടെ ലക്ഷ്യമിടുന്നത് 2026 ലോകകിരീടത്തിലേക്കുള്ള ഒരു ചുവട് കൂടിയാണ്.
ബാഴ്‌സക്കൊപ്പം ഈ സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടിയാണ് യമാലിന്റെ വരവ്. ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ സെമിയിലെത്തിക്കുയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന യൂറോകപ്പില്‍ സ്‌പെയ്‌നിനെ കിരീടത്തിലേക്ക് നയിച്ച യമാല്‍ നേഷന്‍സ് ലീഗ് കിരീടത്തിലൂടെ കണ്ണുവെക്കുന്നത് ബാലന്‍ ഡിയോര്‍ നേട്ടം കൂടിയാണ്.
Content Highlights: Ronaldo's Portugal and Yamal's Spain will face each other in the UEFA Nations League final