11 സീസണായി കിരീടമില്ല, ലൈസൻസും കിട്ടിയില്ല; ബ്ലാസ്റ്റേഴ്‌സ് ഇനിയെന്ത് ചെയ്യും?

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം അടുത്ത സീസണും തുടരുമെന്ന സൂചനയാണ് ഇന്ത്യൻ ഫുട്‍ബോളിൽ നിന്നും ഏറ്റവുമൊടുവിൽ കിട്ടിയ വാർത്തയും നൽകുന്നത്

dot image

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം അടുത്ത സീസണും തുടരുമെന്ന സൂചനയാണ് ഇന്ത്യൻ ഫുട്‍ബോളിൽ നിന്നും ഏറ്റവുമൊടുവിൽ കിട്ടിയ വാർത്തയും നൽകുന്നത്. ഇത്തവണയും പ്രീമിയർ വൺ ക്ലബ് ലൈസൻസ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്‌സിന് നിഷേധിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്നായിരുന്നു വിശദീകരണം.

പ്രശ്നം പരിഹരിക്കാനായി ബന്ധപ്പെട്ടവരുമായി സജീവ ചർച്ച നടത്തുന്നുണ്ടെന്നും ഉചിതമായപരിഹാരം കണ്ടെത്തുമെന്നും ആരാധകർക്ക് ഉറപ്പും ക്ലബ്നൽകുന്നുണ്ട്. അപേക്ഷ നിരസിക്കപ്പെട്ട ക്ലബുകൾക്ക് തീരുമാനത്തിനെതിരെ അപ്പീൽ നൽകാനും ദേശീയ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇളവ് തേടാനും അവസരമുണ്ടെന്നിരിക്കെ ബ്ലാസ്റ്റേഴ്‌സ് തുടർനടപടികളിലേക്ക് കടക്കും. മറ്റു ഐ.എസ്.എൽ ക്ലബുകളായ ഒഡിഷ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഹൈദരാബാദ് എഫ്.സി, മുഹമ്മദൻ സ്പോർട്ടിങ് ക്ലബുകൾക്കും പ്രീമിയർ വൺ ലൈസൻസ് നേടാനായിട്ടില്ല.

ആകെ അപേക്ഷിച്ച പതിനഞ്ചുക്ലബുകളിൽ ഏഴ് ക്ലബുകൾക്കാണ് ഇത്തവണ പ്രീമിയർ വൺ ക്ലബ് ലൈസൻസ് ലഭിച്ചിട്ടുള്ളത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലൈസൻസ് ലഭിച്ചത് പഞ്ചാബ് എഫ് സിക്ക് മാത്രമാണ്. ചില ഇളവുകളോടെ മുംബൈ സിറ്റി, ജംഷഡ്പൂർ എഫ്‌സി, ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ തുടങ്ങി ടീമുകൾ ലൈസൻസ് നേടി.

കഴിഞ്ഞ സീസണിലും ഇതുതന്നെയായിരുന്നു അവസ്ഥ എന്നിരിക്കെ ഐ എസ് എൽ സീസണിൽ വിലക്കൊന്നും ബ്ലാസ്റ്റേഴ്‌സിന് ലഭിക്കില്ല എങ്കിലും ആരാധകർ ഇതിൽ അത്ര ഹാപ്പി ആയിരിക്കില്ല എന്നുറപ്പാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ ക്ലബ്ബായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് അത്ര കാര്യമായ ശ്രദ്ധ കൊടുത്തിട്ടില്ല.

11 എഡിഷനുകൾ കഴിഞ്ഞപ്പോഴും കിരീടമില്ല എന്നതിനപ്പുറം കഴിഞ്ഞ സീസണുകളിലെ പ്രകടനങ്ങളിൽ ആരാധകർ വലിയ നിരാശരുമായിരുന്നു. ഒടുവിൽ ബഹിഷ്കരണമടക്കമുള്ള കടുത്ത നീക്കങ്ങൾ ആരാധക കൂട്ടായ്മയായ മഞ്ഞപട നടത്തി. ഗ്യാലറിയിൽ ആളുകൾ കേറാതായതോടെ ഒടുവിൽ ആരാധകരെ കേൾക്കാൻ തയ്യാറായെങ്കിലും തുടർ പ്രവർത്തങ്ങളൊന്നും ഉണ്ടായില്ല. ഏറ്റവുമൊടുവിൽ ഒന്നാം നിര ടീമിനെ തന്നെ അണിനിരത്തിയെങ്കിലും പല ടീമുകളുടെയും രണ്ടാം നമ്പർ ടീമുകളോട് തോറ്റ് സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്‌സ് പുറത്തായി.

ശേഷം പുതിയ പരിശീലകനായി സ്പാനിഷുകാരനായ ഡേവിഡ് കാറ്റലയ്ക്ക് കീഴിൽ പുതിയ താരങ്ങളെ എത്തിച്ച് മികച്ച ഒരു സീസൺ ഗ്യാരണ്ടി നൽകി തയ്യാറെടുപ്പുകൾ നടത്തി വരവെയാണ് വീണ്ടും തിരിച്ചടിയായി ലൈസൻസ് നഷ്ടവും വരുന്നത്. ഗ്രാസ് റൂട്ട് അക്കാദമിയടക്കം ഒരു ക്ലബ് പാലിക്കേണ്ട മിനിമം മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ലൈസൻസ് നഷ്ടത്തിന് കാരണമായി പറയുന്നത്.

പല രാജ്യത്തും മൂന്നും നാലും ഡിവിഷനുകളിൽ വരെയുള്ള ക്ലബുകൾക്ക് വരെ പ്രീമിയർ വൺ ക്ലബ് ലൈസൻസ് ഉണ്ടെന്നിരിക്കെ രാജ്യത്തെ പ്രധാന ലീഗിലുള്ള ക്ലബുകൾക്ക് പോലും അതിന് യോഗ്യത കാണിക്കാനാവാത്തത് ഇന്ത്യൻ ഫുട്‍ബോളിന്റെ ദയനീയാവസ്ഥ കൂടിയാണ് വെളിപ്പെടുത്തുന്നത്.

Content Highlights: No title, no license; what will Blasters do next?

dot image
To advertise here,contact us
dot image