കൈയെത്തും ദൂരെ നഷ്ടങ്ങളേറെ..എന്നിട്ടും നിരാശ പുരളാത്ത ഹാരി കെയ്ന്റെ ജീവിതം! ക്ഷമ+കഠിനാധ്വാനം= ഹാരി കെയ്ൻ

കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടമാവുക, അനുഭവിച്ചവർക്കറിയാം ആ വേദന. ഹാരി കെയ്ൻ എത്രയോ തവണ രുചിച്ചു ആ കയ്പുനീര്‍

dot image

2014 ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ. അധിക സമയത്തേക്ക് നീണ്ട അർജന്റീന-ജർമനി മത്സരത്തിൽ ഒരു ഇടിത്തീപോലെയാണ് ഗോളുമായി മരിയോ ഗോട്സെ അവതരിച്ചത്. മെസ്സിയുടെ, ഡി മരിയയുടെ, ഗാലറിയിൽ പ്രകമ്പനം കൊണ്ട ആയിരക്കണക്കിന് അർജന്‍റീന ആരാധകരുടെ നെഞ്ചുലച്ച ഗോൾ! ഒരുവേള, കിരീടം കൈവെള്ളയിലെത്തിയെന്ന് ആരാധകർ മോഹിച്ച നിമിഷം, എല്ലാം അസ്തമിച്ചിടത്ത്, മെസ്സി തോൽവി ഭാരത്താൽ തലകുനിച്ചുമടങ്ങിയ കാഴ്ച ആരും മറന്നുകാണില്ല. അർജന്റീനയ്ക്കുവേണ്ടി കിരീടമില്ലാത്തവൻ എന്ന പേര് പിന്നെയും പിന്നെയും അയാളെ ദുഃഖിതനാക്കി.

നാളുകൾ പിന്നിട്ടു, അഥവാ രണ്ടുവർഷം. ഒരു കോപ്പ അമേരിക്ക ഫൈനൽ. എതിരാളി ചിലി. മത്സരം പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക്. മെസ്സിയുടെ ആദ്യ കിക്ക് പാഴായി. മത്സരം രണ്ടിനെതിരെ നാലുഗോളിന് തോറ്റു. അഥവാ മെസ്സിക്ക് വീണ്ടുമൊരു കിരീടം ജസ്റ്റ് മിസ്സ്‌! മെസ്സി വിരമിച്ചു. വാർത്ത കേട്ട് ലോകം ഞെട്ടി. പ്രതിഭാധനൻ ഇനി ഫുട്ബോൾ ഭൂമികയിൽ അർജന്റീനയ്ക്കുവേണ്ടി ഇല്ലെന്ന യാഥാർഥ്യം ആരാധകര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. മെസ്സിയുടെ വേദനയുടെ ആഴമായിരുന്നു ആ വിരമിക്കൽ പ്രഖ്യാപനം. അഥവാ, രാജ്യത്തിനുവേണ്ടി ഒന്നും നേടാനാകാത്ത നിസ്സഹായാവസ്ഥയിലെടുത്ത കടുത്ത തീരുമാനം! എന്നാൽ പിന്നീടയാൾ തിരിച്ചുവരികയും ലോകകപ്പടക്കം ഒരുപിടി കിരീടം നേടുകയും ചെയ്തു.

അതുപോലെ ഇംഗ്ലണ്ടിൽ മറ്റൊരാളുണ്ട്.. പതിറ്റാണ്ടുകാലത്തോളം കിരീടം ഒരു സ്വപ്നമായി അവശേഷിച്ചു. രണ്ടായിരമാണ്ടിന്റെ പാതിയോളമെത്തി 32-കാരന് ഫുട്ബോളിൽ ഓർത്തുവെക്കാനുള്ള, ചരിത്രം രേഖപ്പെടുത്താനുള്ള കിരീടധാരിയാകാൻ. ബയേൺ മ്യൂണിക്കിലൂടെ ആ നിമിഷം അനുഭവിച്ചു, ഹാരി കെയ്ൻ!

കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടമാവുക, അനുഭവിച്ചവർക്കറിയാം ആ വേദന. ഹാരി കെയ്ൻ എത്രയോ തവണ രുചിച്ചു ആ കൈപ്പുനീർ. ഇംഗ്ലണ്ടിൽ, ടോട്ടനത്തിൽ… അങ്ങനെയങ്ങനെ. ഒടുവിൽ അഭയം തേടിയ ബയേൺ ആശ്വാസമേകി, ജർമൻ ബുണ്ടസ് ലിഗ കപ്പുകൊണ്ട്. ജർമൻ ബുണ്ടസ് ലിഗയിൽ ചാമ്പ്യനാണ് ഇന്ന് ഹാരി കെയ്ൻ. ഇംഗ്ലണ്ടിലെ വാത്വംസ്റ്റോയുടെ പുത്രൻ.

ആഴ്സണലിന്റെ, ടോട്ടനത്തിന്റെയുൾപ്പടെ യൂത്ത് ടീമുകളിൽ കളിച്ചുവളർന്ന്, പിന്നെ 2010 മുതൽ നീണ്ട 13 കൊല്ലം ടോട്ടനം ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞ ഇടക്കാലത്ത് വിവിധ ക്ലബ്ബുകളിൽ വായ്പ അടിസ്ഥാനത്തിൽ കളിച്ച ഹാരി കെയ്ൻ, 2023ലാണ് ബയേണിലെത്തുന്നത്. ടോട്ടനത്തിനുവേണ്ടി കളിച്ചത് 317 മത്സരങ്ങൾ. അതിൽ 213 ഗോളുകൾ! പക്ഷെ പതിറ്റാണ്ടു പിന്നിട്ട ആ കരിയറിൽ ഒരു കപ്പുപോലുമില്ല! ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ രണ്ടുതവണ രണ്ടാം സ്ഥാനം. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ തോറ്റു ഒരുവട്ടം. ഇംഗ്ലണ്ടിലും സമാനാവസ്ഥ. യൂറോ കപ്പിൽ രണ്ടുവട്ടം റണ്ണറപ്പ്. 2020ലും 2024ലും. പിന്നെയും പിന്നെയും വേദന. ഇതിനിടെയെല്ലാം വ്യക്തിഗത നേട്ടങ്ങൾ ഒട്ടേറെ. ഒന്നും പകരമാവില്ലല്ലോ ടീമിന്റെ നേട്ടത്തിന്.

പലരുമെഴുതി, കെയ്ൻ ഹീറോയെന്ന്. ലണ്ടൻ നഗരത്തിലെ മികച്ചവനെന്ന്. കളിയഴക് കൊണ്ടും ലക്ഷ്യം കാണുന്നതിലെ മികവ് കൊണ്ടും അദ്ദേഹം ഫുട്ബോൾ ലോകത്തിന്‍റെ മനംകവർന്നു. പക്ഷെ, കിരീടം എന്നും അയാളെ വേട്ടയാടി. നിരാശ ബാധിച്ചില്ല. അവിടെയായിരുന്നു കെയ്ന്റെ വിജയം. തോൽവികൾ, നിരാശകൾ പിന്നെയും പിന്നെയും വേട്ടയാടുമ്പോഴും 'എന്റെ ഒരു ദിവസം' വരികതന്നെ ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു കെയ്ന്‍. മനോഹരമാകുമത്. അടയാളപ്പെടുത്തപ്പെടും ലോകമൊരിക്കൽ എന്ന വിശ്വാസത്തില്‍ അക്കാലമെല്ലാം മികവിനെ തേച്ചുമിനുക്കി മുന്നോട്ടുമാത്രം കുതിച്ചു ഹാരി കെയ്ൻ.

ഹാരി കെയ്ന്റെ കാലം

അയർലൻഡിൽ വേരുള്ള കുടുംബമാണ് ഹാരി കെയ്ന്റെത്. പ്രതിഭാധനനായ ഹാരി കെയ്ന്റെ ജീവിതം ഫുട്ബോളിനാൽ സമ്പന്നമായിരുന്നു. യൂത്ത് കരിയറിൽ റിഡ്ഗെവെ റോവേഴ്സിൽ കളിച്ചുകൊണ്ടിരിക്കെയും ഹാരിയുടെ സ്വപ്നം ടോട്ടനമായിരുന്നു. ഒടുവിൽ ആഴ്സനലിൻറെ യൂത്ത് ടീമും കടന്ന് ടോട്ടനത്തിലേക്കെത്തിയത് 2004ൽ. 2010ൽ സീനിയർ ടീമിലേക്കെത്തിയ ഹാരി കെയ്ൻ, ദീർഘകാലം ചെലവിട്ടത് ടോട്ടനത്തോടൊപ്പം. പക്ഷെ, ടോട്ടനം അദ്ദേഹത്തിന് ഒരിക്കൽപ്പോലും കിരീടംകൊണ്ട് സന്തോഷം പകർന്നില്ല. നിരാശപുരളാത്ത മനസ്സുമായി അദ്ദേഹം പിന്നെയും പൊരുതി. ഒരു ട്രോഫി നേടാനാകില്ലെന്ന നിരാശയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഹാരിയുടെ മറുപടി ഇങ്ങനെ, 'എനിക്കങ്ങനെ തോന്നുന്നില്ല. ഫുട്ബോളിലും ജീവിതത്തിലും മുന്നോട്ടുള്ള വഴിയിൽ തടസ്സങ്ങളുണ്ടാകാറുണ്ട്. അവയെ മറികടക്കാൻ മറ്റൊരു വഴി കണ്ടെത്തുകയാണ് വേണ്ടത്. എല്ലാവർഷവും മെച്ചപ്പെടാനുള്ള മനോഭാവമാണ് എനിക്കുള്ളത്. കിരീട ഭാഗ്യം പ്രതീക്ഷിച്ചുതന്നെയാണ് കളിച്ചത്. കരിയർ അവസാനിക്കും മുമ്പ് കിരീടം നേടണമെന്നായിരുന്നു ആവശ്യം.'

അത് സഫലമായി. അതിനുള്ള ലക്ഷ്യം കൃത്യമായിരുന്നു ഹാരിക്ക്. അതുതന്നെയാണ് ജർമനിയിലെത്തിയപ്പോഴും ഹാരി കെയ്നെ മുന്നോട്ടുനയിച്ചത്. ജർമൻ ബുണ്ടസ് ലിഗയുടെ ഈസീസണിൽ 25 ഗോളോടെ ഒന്നാമനാണ് ഹാരി കെയ്ൻ. കളിച്ചും ഗോളടിച്ചും ഗ്രൗണ്ടിൽ മികവുതെളിയിച്ചു ഹാരി കെയ്ൻ. തോൽവിയിൽ പതറുന്ന മനുഷ്യർ, ലക്ഷ്യത്തിലേക്ക് ദൂരമൊരുപാട് സഞ്ചരിച്ചിട്ടും നേടാനാകാത്തവർക്ക് ഹാരി കെയ്ന്റെ ജീവിതം പാഠമാണ്. പരിശ്രമത്തിന് വിജയമുണ്ടാകുമെന്ന പാഠം. ക്ഷമയും കഠിനാധ്വാനവും പ്രതീക്ഷയും വിടാതെ ജീവിക്കുക. ഒരുനാൾ നമ്മുടേതാണെന്ന് ഹാരി കെയ്ന്റെ ജീവിതം ഓർമപ്പെടുത്തുന്നു.

Content Highlights: Harry Kane's journey and struggles to first major trophy

dot image
To advertise here,contact us
dot image