

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം തന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ഭാരോദ്വഹന താരം മീരാബായ് ചാനു. ഈ അവിസ്മരണീയ നേട്ടത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നതായി മീരാബായ് ചാനു പറഞ്ഞു. ജപ്പാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗ് വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ഒളിമ്പിക് മെഡല്‍, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മെഡല്‍, മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡലുകള്‍ എന്നിവ അടങ്ങുന്ന തന്റെ കരിയറിലേക്ക് ഈ വന്‍കര മെഡല്‍ കൂടി ചാനു കൂട്ടിച്ചേര്‍ത്തു.
'എനിക്ക് വാക്കുകളില്ലാത്ത സന്തോഷമുണ്ട്. ഈ ഒരു ദിവസത്തിനായി ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ഒളിമ്പിക് മെഡലും വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മെഡലും മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡലുകളും നേരത്തെ തന്നെ എന്റെ അക്കൗണ്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് ഞങ്ങളുടെ പരമപ്രധാനമായ സ്വപ്നമായിരുന്നു; എനിക്കിത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഒടുവില്‍ ഞാനത് നേടിയെടുത്തു. എന്റെ മെഡല്‍ ശേഖരത്തിലേക്ക് ഏഷ്യന്‍ ഗെയിംസ് മെഡല്‍ കൂടി കൂട്ടിച്ചേര്‍ക്കാനും ഇന്ത്യയ്ക്കും വെയ്റ്റ്ലിഫ്റ്റിംഗിനുമായി എന്തെങ്കിലും നേടാനും സാധിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്' -ചാനു പറഞ്ഞു. സ്‌നാച്ചില്‍ 87 കിലോഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 111 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 198 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് നേട്ടം കൊയ്തത്. 215 കിലോഗ്രാം ഉയര്‍ത്തിയ വടക്കന്‍ കൊറിയയുടെ റി സോങ് ഗം സ്വര്‍ണ്ണവും വിജയന വെങ്കലവും നേടി.
കഴിഞ്ഞ പതിപ്പില്‍ നേരിട്ട പരിക്കിന് ശേഷം ഈ ഏഷ്യന്‍ ഗെയിംസ് തനിക്ക് ഏറെ നിര്‍ണ്ണായകമായിരുന്നുവെന്ന് ചാനു വ്യക്തമാക്കി. 'ഞങ്ങള്‍ വളരെ മികച്ച പരിശീലനമാണ് നടത്തിയത്. കഴിഞ്ഞ തവണ പരിക്കേറ്റതിനാല്‍ ഈ ഏഷ്യന്‍ ഗെയിംസ് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിനാല്‍ തന്നെ എന്നെ തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. തയാറെടുപ്പുകളില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല; നേരത്തെ പിന്തുടര്‍ന്നിരുന്ന അതേ രീതി തന്നെയാണ് ഉപയോഗിച്ചത്' -ചാനു പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിലെ ചാനുവിന്റെ നീണ്ട കാത്തിരിപ്പിനാണ് ഈ മെഡലോടെ വിരാമമായത്. ഹാങ്ഷു 2023-ല്‍ അവസാന ക്ലീന്‍ ആന്റ് ജര്‍ക്ക് ശ്രമത്തിനിടെ പരിക്കേറ്റ് പിന്മാറേണ്ടി വന്നതിനെ തുടര്‍ന്ന് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് മെഡല്‍ നഷ്ടമായിരുന്നു. ഗ്ലാസ്ഗോയില്‍ നടന്ന 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ശേഷമാണ് 32 കാരിയായ ചാനു ഐച്ചി-നാഗോയ ഗെയിംസിലെത്തിയത്. മൂന്ന് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ ചാനു ടോക്കിയോ 2020 ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. കന്നി ഏഷ്യന്‍ ഗെയിംസ് മെഡലോടെ ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം മെഡല്‍ നേടുന്ന കര്‍ണം മല്ലേശ്വരിക്ക് ശേഷമുള്ള രണ്ടാമത്തെ ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്ററായി ചാനു മാറി.
മണിപ്പൂരിലെ നോങ്‌പോക് കാക്ചിംഗില്‍ ജനിച്ച ചാനു 2008-ലാണ് വെയ്റ്റ്ലിഫ്റ്റിംഗില്‍ പരിശീലനം ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ വെയ്റ്റ്ലിഫ്റ്റര്‍മാരില്‍ ഒരാളായി വളര്‍ന്നു. ലഭിച്ച അവസരം പൂര്‍ണ്ണമായി മുതലെടുക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ടീമെന്നും മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉയര്‍ത്തേണ്ട ഭാരത്തെക്കുറിച്ച് കൃത്യമായ തന്ത്രമുണ്ടായിരുന്നുവെന്നും ചാനു കൂട്ടിച്ചേര്‍ത്തു. 'ഈ അവസരം കൈവിട്ടുപോകില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. ഏത് ഭാരത്തില്‍ നിന്ന് തുടങ്ങണം, എന്തൊക്കെ ശ്രമിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ തന്ത്രവുമായാണ് ഞങ്ങള്‍ സ്റ്റേജിലേക്ക് പോയത്… നേരിടേണ്ടി വന്നേക്കാവുന്ന പ്രത്യേക വെയിറ്റ് കോമ്പിനേഷനുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതനുസരിച്ച് പ്ലാന്‍ ചെയ്യുകയുമാണ് ഞങ്ങള്‍ ചെയ്തത്' -ചാനു പറഞ്ഞു.
content highlights: 'A Dream Come True': Mirabai Chanu Expresses Joy After Historic Asian Games Silver