

ഏഷ്യന്‍ ഗെയിംസില്‍ വനിതാ സിംഗിള്‍സ് ടെക്‌ബോളില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം ക്വിംസി ഡിസൂസയ്ക്ക് പരാജയം. ആവേശകരമായ മത്സരത്തില്‍ ജപ്പാന്‍ താരം യൂയിന സാക്കാമോട്ടോയോട് 0-2 എന്ന സ്‌കോറിനാണ് ക്വിംസി പരാജയപ്പെട്ടത്. മത്സരത്തിലെ ഇരു സെറ്റുകളും വളരെ കുറഞ്ഞ മാര്‍ജിനിലാണ് അവസാനിച്ചത് (11-12, 11-12). അവസാന നിമിഷം വരെ പോരാടിയ ശേഷമാണ് ക്വിംസിക്ക് വൈങ്കല മെഡല്‍ നഷ്ടമായത്.
ഫുട്‌ബോളിന്റെയും ടേബിള്‍ ടെന്നീസിന്റെയും സമ്മിശ്ര രൂപമായ 'ടെക്‌ബോള്‍' 20-ാമത് ഏഷ്യന്‍ ഗെയിംസിലാണ് കായിക ഇനമായി അരങ്ങേറ്റം കുറിക്കുന്നത്. കൈകളും കൈപ്പത്തികളും ഒഴികെ ശരീരത്തിന്റെ മറ്റേത് ഭാഗവും ഉപയോഗിച്ച് കളിക്കാവുന്ന ഈ കളിയില്‍, പരമാവധി മൂന്ന് ടച്ചുകള്‍ക്കുള്ളില്‍ പന്ത് എതിരാളിയുടെ കോര്‍ട്ടിലേക്ക് തിരിച്ചുവിടണം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഏഴാം നമ്പര്‍ താരമായ സാക്കാമോട്ടോയെ ക്വിംസി അട്ടിമറിച്ചിരുന്നെങ്കിലും, മെഡല്‍ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ അത് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
അതേസമയം, ടെക്‌ബോള്‍ മിക്‌സഡ് ഡബിള്‍സിലും ഇന്ത്യക്ക് വെങ്കലം നഷ്ടമായി. ക്വിംസി ഡിസൂസ-മുഹമ്മദ് അനസ് സഖ്യമാണ് തോറ്റത്. വിയറ്റ്‌നാം സഖ്യമാണ് വെങ്കല മെഡല്‍ നേടിയത്. വുഷു ഫൈനലിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യയുടെ സുരാജ് സിങ്ങിന് മെഡല്‍ നേടാനായില്ല. 11-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.
content highlights: Asian Games: Quimcy D'Souza Misses Out on Women's Singles Teqball Bronze Medal