

ഗ്ലാസ്ഗോയില്‍ സമാപിച്ച 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ കായികതാരങ്ങളെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യ നേടിയ 13 സ്വര്‍ണ മെഡലുകളില്‍ 8 എണ്ണവും വനിതാ താരങ്ങളാണ് സ്വന്തമാക്കിയതെന്നത് ഏറെ അഭിമാനകരമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് രാഷ്ട്രപതി രാജ്യത്തിന്റെ മികച്ച പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്. 39 മെഡല്‍ ജേതാക്കള്‍ക്കും ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഭാവിയിലെ അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യന്‍ കായികതാരങ്ങള്‍ രാജ്യത്തിന് കൂടുതല്‍ യശസ്സ് കൈവരിക്കുമെന്ന ആത്മവിശ്വാസവും രാഷ്ട്രപതി പ്രകടിപ്പിച്ചു.
ഇനി അഹമ്മദാബാദ്
11 ദിവസം നീണ്ടുനിന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണത്. സമാപന ചടങ്ങില്‍ സ്‌കോട്ട്ലന്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ് പതാകയും ഔദ്യോഗിക ബാറ്റണും അടുത്ത വേദിയായ ഇന്ത്യക്ക് കൈമാറി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പായ 2030-ലെ ഗെയിംസിന് അഹമ്മദാബാദിലാണ് വേദി ഒരുങ്ങുന്നത്. 2010-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസിന് ശേഷം, ഒന്നിലധികം തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറും. കൈമാറ്റ ചടങ്ങില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ താരം നീരജ് ചോപ്ര, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്‌വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പതാകയും ബാറ്റണും ഏറ്റുവാങ്ങി.
39 മെഡലുകളോടെ നാലാം സ്ഥാനം
13 സ്വര്‍ണവും 17 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ ആകെ 39 മെഡലുകളോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022-ലെ ബര്‍മിംഗ്ഹാം ഗെയിംസിലെ 61 മെഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണത്തില്‍ കുറവാണെങ്കിലും, മുന്‍പ് ഇന്ത്യ മെഡല്‍ നേടിയ പല പ്രധാന ഇനങ്ങളും ഇത്തവണ ഗ്ലാസ്ഗോയില്‍ ഒഴിവാക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ 210 താരങ്ങള്‍ പങ്കെടുത്ത സ്ഥാനത്ത് ഇത്തവണ 122 അത്ലറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് മത്സരിച്ചത്. കുറഞ്ഞ താരങ്ങളുമായി എത്തിയിട്ടും നാലാം സ്ഥാനം നിലനിര്‍ത്താനും മെഡല്‍ നിരക്ക് ഉയര്‍ത്താനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യന്‍ നിരയില്‍ ദീര്‍ഘദൂര ഓട്ടക്കാരനായ ഗുല്‍വീര്‍ സിങ് മാത്രമാണ് ഇത്തവണ രണ്ട് മെഡലുകള്‍ സ്വന്തമാക്കിയത്.
content highlights: Commonwealth Games: President Droupadi Murmu Praises Indian Athletes