സാരിയണിഞ്ഞ് ദുബായ് റണ്ണിൽ 10 കിലോ മീറ്റർ ഓടി മലയാളി യുവതി ; കയ്യടിച്ച് സോഷ്യൽ മീഡിയ

വർഷങ്ങളായി ഓട്ടം പരിശീലിക്കുന്ന കാഞ്ചന സഞ്ചാരി യുഎഇ ട്രാവൽ ഗ്രൂപ്പിന്റെ റണ്ണിങ് ടീമിലെ അംഗമാണ്

സാരിയണിഞ്ഞ് ദുബായ് റണ്ണിൽ 10 കിലോ മീറ്റർ ഓടി മലയാളി യുവതി ; കയ്യടിച്ച് സോഷ്യൽ മീഡിയ
dot image

ചുവന്ന സാരിയും പച്ച ബ്ലൗസും ധരിച്ച് ദുബായ് റണ്ണിൽ പങ്കെടുത്ത് മലയാളി യുവതി കാഞ്ചന നായർ. മുടിയിൽ മുല്ലപ്പൂവും ചൂടി യുഎഇ പതാകയുടെ നിറങ്ങളോട് ചേർന്ന വേഷത്തിലാണ് ഇന്നലെ (22-11-2026) നടന്ന ദുബായ് റൺ 2026ൽ കാഞ്ചന 10 കിലോമീറ്റർ ദൂരം പിന്നിട്ടത്. അഞ്ചാം തവണയാണ് അവർ ദുബായ് റണ്ണിൽ പങ്കെടുക്കുന്നത്. സാരിയുടുത്ത് ഓടുന്ന കാഞ്ചനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലാവുകയാണ്.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഈ സീസണിൽ സാരിയുടുത്തുള്ള കാഞ്ചനയുടെ രണ്ടാമത്തെ വേറിട്ട പ്രകടനമാണിത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരള സാരിയുടുത്ത് ദുബായ് റൈഡ് 2026ലും അവർ പങ്കെടുത്തിരുന്നു. 26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ സെെക്കിൾ ചവിട്ടിയതെന്ന് കാഞ്ചന പറഞ്ഞു. പരിപാടിക്ക് തലേദിവസം പിങ്ക് നിറത്തിലുള്ള സൈക്കിൾ വാങ്ങി പരിശീലനം നടത്തിയ അവർ, കേരള സാരിയും പിങ്ക് ബ്ലൗസും ധരിച്ച് ഷെയ്ഖ് സായിദ് റോഡിലൂടെ സൈക്കിൾ ചവിട്ടി. ഈ വിഡിയോയ്ക്കും ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.

വർഷങ്ങളായി ഓട്ടം പരിശീലിക്കുന്ന കാഞ്ചന സഞ്ചാരി യുഎഇ ട്രാവൽ ഗ്രൂപ്പിന്റെ റണ്ണിങ് ടീമിലെ അംഗമാണ്. 2024ലെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഒരു മാസം തുടർച്ചയായി അഞ്ച് കിലോമീറ്റർ ഓടുന്ന പരിപാടിയിൽ പങ്കെടുത്തതോടെയാണ് ഓട്ടം പതിവാക്കിയതെന്ന് കാഞ്ചന പറഞ്ഞു. ഇൻഫ്ലുവൻസയിൽ നിന്ന് സുഖം പ്രാപിച്ചെത്തിയതിനാൽ ആദ്യ ദിവസങ്ങളിൽ അധികവും നടന്നാണ് ലക്ഷ്യം പൂർത്തിയാക്കിയത്. പിന്നീട് ഹാഫ് മാരത്തണുകളിലും 'റൺ ആസ് വൺ' (Run as One) ഉൾപ്പെടെയുള്ള പരിപാടികളിലും പങ്കെടുത്ത് നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. കോളേജ് കാലത്ത് നാഷണൽ കേഡറ്റ് കോർപ്സിന്റെ (NCC) എയർ വിങ് കേഡറ്റായിരുന്ന കാഞ്ചന 2004ൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുത്തിട്ടുണ്ട്.

14 വർഷം മുമ്പ് ദുബായിലെത്തിയ കാഞ്ചന പിന്നീട് അജ്മാനിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് കമ്പനി ആരംഭിച്ചു. ഓട്ടത്തിനും സൈക്ലിങ്ങിനും പുറമെ നീന്തൽ, ക്രിക്കറ്റ്, ക്ലാസിക്കൽ നൃത്തം, നാടകം, സിനിമ എന്നിവയിലും സജീവമാണ്. ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയും നടനും സംവിധായകനുമായ ദിലീഷ് പോത്തനും അഭിനയിച്ച 'ബോംബെ ടെയ്‌ലേഴ്സ്' എന്ന നാടകത്തിലും അവർ വേഷമിട്ടിട്ടുണ്ട്. 'പഴം ചക്ക', 'മോഹ' എന്നീ മലയാള ഫീച്ചർ സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. നാട്ടിൽ കഴിയുന്ന മകൾ ധീരയാണ് തന്റെ പ്രചോദനമെന്ന് കാഞ്ചന പറഞ്ഞു. 2020 മുതൽ ദുബായിൽ ഒറ്റയ്ക്ക് താമസിക്കുന്ന തനിക്ക് ഇവിടെ കൂടുതൽ സ്വാതന്ത്ര്യവും ആത്മവിശ്വാസവും ലഭിച്ചിട്ടുണ്ടെന്നും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ ദുബായ് കരുത്തുപകർന്നെന്നും അവർ വ്യക്തമാക്കി.

Content Highlights: Malayali expat Kanchana Nair attracted social media attention after running 10km at Dubai Run 2026 in a saree inspired by UAE flag colours.

dot image
To advertise here,contact us
dot image