തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,080 രൂപ വർധിച്ചു

വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്

തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,080 രൂപ വർധിച്ചു
gold
dot image

സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ താഴ്ന്നുനിന്ന സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ് രേഖപ്പെടുത്തി. തിങ്കളാഴ്ച (നവംബർ 23) ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഒറ്റയടിക്ക് 1,080 രൂപ വർധിച്ച് 92,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 135 രൂപ കൂടി 11,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവ്യാപാരം നടന്നിരുന്നത്. നവംബർ 21, 22 തീയതികളിൽ ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയും പവന് 91,720 രൂപയുമായിരുന്നു നിരക്ക്. നവംബർ മാസത്തിന്റെ തുടക്കത്തിൽ 12,730 രൂപയായിരുന്ന ഗ്രാം വില, നവംബർ അഞ്ചിനും ആറിനും രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 13,385 രൂപയിലെത്തിയിരുന്നു (പവന് 1,07,080 രൂപ). തുടർന്ന് ഘട്ടംഘട്ടമായി കുറഞ്ഞുവന്ന സ്വർണവിലയാണ് ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നത്. വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കിലോഗ്രാമിന് 1,75,000 രൂപയായിരുന്ന വെള്ളിവില ഇന്ന് 100 രൂപ കുറഞ്ഞ് 1,74,900 രൂപയായി. ഒരു ഗ്രാം വെള്ളിക്ക് 174.90 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബർ ആദ്യവാരം കിലോയ്ക്ക് 2,10,000 രൂപ വരെ ഉയർന്ന വെള്ളിവില പിന്നീട് താഴേക്ക് പതിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളർ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണ-വെള്ളി നിരക്കുകളെ സ്വാധീനിക്കുന്നത്.

Content Highlights: Kerala gold prices witnessed a sharp rebound on November 23, with 22-carat gold rising by ₹1,080 per sovereign. One sovereign (8 grams) is now priced at ₹92,800, while one gram costs ₹11,600.

dot image
To advertise here,contact us
dot image