

ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 22 വർഷങ്ങൾ നീണ്ട ഇതിഹാസ കരിയറിനാണ് താരം വിരാമം കുറിച്ചത്. രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന്‍ ബൊപ്പണ്ണ തന്റെ 45-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണ പാരീസ് മാസ്റ്റേഴ്‌സ് 1000ലാണ് അവസാനമായി പങ്കെടുത്തത്. ഈ വര്‍ഷം ആദ്യം നടന്ന പോരാട്ടത്തിൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പം പങ്കാളിയായി. ശക്തമായ പോരാട്ടത്തിനൊടുവിൽ 32-ാം റൗണ്ടിൽ ജോൺ പിയേഴ്‌സിനോടും ജെയിംസ് ട്രേസിയോടും 5-7, 6-2, 10-8 എന്ന സ്‌കോറിന് പരാജയപ്പെട്ടു.
2024 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് (മാത്യൂ എബ്ഡനൊപ്പം), 2017 ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് (ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം) എന്നീ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായാണ് 45 കാരനായ ബൊപ്പണ്ണ തൻ്റെ കരിയർ പൂർത്തിയാക്കിയത്. കൂടാതെ പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി നാല് ഗ്രാൻഡ് സ്ലാം ഫൈനലുകളിലും താരം എത്തിയിട്ടുണ്ട്. 2012ലും 2015ലും എ ടി പി ഫൈനലിൻ്റെ ഫൈനലിലും ബൊപ്പണ്ണ പങ്കെടുത്തു.
Content Highlights: Tennis player Rohan Bopanna announces his retirement at the age of 45