'അന്ന് ജീവിതം അവസാനിപ്പിക്കാന്‍ ചിന്തിച്ചു...'; ഞെട്ടിച്ച് വെയ്ന്‍ റൂണിയുടെ വെളിപ്പെടുത്തൽ

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സുവര്‍ണ കാലഘട്ടത്തിലാണ് റൂണി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വെളിപ്പെടുത്തിയത്

'അന്ന് ജീവിതം അവസാനിപ്പിക്കാന്‍ ചിന്തിച്ചു...'; ഞെട്ടിച്ച് വെയ്ന്‍ റൂണിയുടെ വെളിപ്പെടുത്തൽ
dot image

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സുവര്‍ണ കാലഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം വെയ്ന്‍ റൂണി വെളിപ്പെടുത്തി. 2004 മുതല്‍ 2017 വരെ റെഡ് ഡെവിള്‍സിനായി കളിച്ച റൂണി, ഗാബി ലോഗനൊപ്പമുള്ള 'ലൈഫ് അറ്റ് ദി മിഡ്പോയിന്റ്' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ കരിയറില്‍ അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഒരു എഫ്എ കപ്പ്, ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, നാല് എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡുകള്‍ എന്നിവ റൂണി നേടിയിട്ടുണ്ട്. 253 ഗോളുകളുമായി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം.

കൗമാരപ്രായത്തില്‍ തന്നെ വലിയ പ്രതിഭയായി ക്ലബ്ബിലെത്തിയെങ്കിലും, മൈതാനത്തെ മിന്നും പ്രകടനങ്ങളില്‍ നിന്ന് തികച്ചും വിപരീതമായിരുന്നു തന്റെ സ്വകാര്യ ജീവിതമെന്ന് റൂണി പറഞ്ഞു. 2008-ല്‍ ഭാര്യ കോളിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് മകനുണ്ട് (ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ താരമാണ്). മാനസികമായി ഏറെ തകര്‍ന്നിരുന്ന കാലത്ത്, മകന്‍ തന്നെ ആ അവസ്ഥയില്‍ കാണാതിരിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് ഒളിച്ചുനില്‍ക്കുകയും രണ്ട് ദിവസം തുടര്‍ച്ചയായി വീട്ടിലിരുന്ന് മദ്യപിക്കുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

'തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ സ്വാര്‍ത്ഥനായിരുന്നു എന്ന് പറയാം, പക്ഷേ എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത എന്തോ ഒന്നിലൂടെയാണ് ഞാന്‍ കടന്നുപോകുന്നതെന്ന് എനിക്കറിയാമായിരുന്നു. മകന്‍ എന്നെ ആ അവസ്ഥയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല, അതുകൊണ്ടാണ് ഞാന്‍ ഒളിച്ചുനടന്നത്' -റൂണി പറഞ്ഞു. 'ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന ഒരു അവസ്ഥയിലേക്ക് ഞാന്‍ എത്തിയിരുന്നു. ആരുടെയും കൂടെ നില്‍ക്കാന്‍ തോന്നില്ല. തെരുവുകളില്‍ ആളുകളെ കാണാനോ കടകളില്‍ പോകാനോ ഞാന്‍ ആഗ്രഹിച്ചില്ല. ഫുട്‌ബോള്‍ മൈതാനത്ത് ഞാന്‍ എപ്പോഴും ആശ്വാസം കണ്ടെത്തിയിരുന്നു, എന്നാല്‍ ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും ഞാന്‍ ശരിക്കും ബുദ്ധിമുട്ടി' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മാനസിക വിഷമങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞാന്‍ ഏത് അവസ്ഥയിലാണെന്ന് എനിക്കറിയാമായിരുന്നിട്ടും, അത് തുറന്നുസമ്മതിക്കാന്‍ പ്രയാസമായിരുന്നു. അങ്ങനെ സമ്മതിച്ചാല്‍ നിങ്ങള്‍ ഒരു പുരുഷനല്ലാതായിപ്പോകുമെന്ന തോന്നലായിരുന്നു എനിക്ക്' -അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയമായിട്ടും താന്‍ തെറാപ്പിക്ക് വിധേയനായെന്നും റൂണി വ്യക്തമാക്കി. 'എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഒരു തെറാപ്പിസ്റ്റിനോട് സംസാരിച്ചിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, അത് എന്റെ കരിയറിന്റെ ഏറ്റവും ഉന്നതമായ സമയമായിരുന്നു. എനിക്കൊരു മകന്‍ ജനിച്ചതും വിവാഹം കഴിഞ്ഞതുമെല്ലാം ആ സമയത്തായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരിക്കേണ്ടതായിരുന്നു അത്, പക്ഷേ അങ്ങനെയായിരുന്നില്ല. ഞാന്‍ ചെയ്ത സ്വാര്‍ത്ഥമായ പ്രവൃത്തികള്‍ കാരണം അത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു' -അദ്ദേഹം പറഞ്ഞു.

Also Read:

ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ തന്നെ സഹായിച്ചതിനും ഒപ്പം നിന്നതിനും റൂണി തന്റെ ഭാര്യയോട് നന്ദി പറഞ്ഞു. 'കോളിന്‍ എന്നെ വളരെയധികം സഹായിച്ചു. കാര്യങ്ങള്‍ അത്രത്തോളം മോശമായിരുന്നതിനാല്‍ അവള്‍ക്ക് എന്നെ ഉപേക്ഷിച്ചു പോകാമായിരുന്നു, പക്ഷേ അവള്‍ എനിക്കൊപ്പം നില്‍ക്കുകയും അതില്‍ നിന്ന് കരകയറാന്‍ എന്നെ സഹായിക്കുകയും ചെയ്തു' -അദ്ദേഹം പറഞ്ഞു.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട ശേഷം, തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച എവര്‍ട്ടണിലേക്ക് റൂണി തിരിച്ചെത്തിയിരുന്നു. 2021-ല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഡിസി യുണൈറ്റഡ്, ഡെര്‍ബി കൗണ്ടി എന്നീ ക്ലബ്ബുകള്‍ക്കായും അദ്ദേഹം കളിച്ചു. 2018 വരെ ഇംഗ്ലണ്ട് ദേശീയ ടീമിലും അദ്ദേഹം സജീവമായിരുന്നു. വിരമിച്ച ശേഷം ഡെര്‍ബി കൗണ്ടി, ഡിസി യുണൈറ്റഡ്, ബര്‍മിംഗ്ഹാം സിറ്റി, പ്ലിമൗത്ത് ആര്‍ഗൈല്‍ എന്നീ ക്ലബ്ബുകളുടെ പരിശീലകനായും റൂണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

content highlights: 'I Thought About Ending My Life': Wayne Rooney Makes Shocking Revelation About Mental Health Struggles

dot image
To advertise here,contact us
dot image