

സ്‌പെയിന്റെയും ബാഴ്സലോണയുടെയും ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസിനെ നെതര്‍ലന്‍ഡ്‌സ് പുരുഷ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഹെഡ് കോച്ചായി നിയമിച്ചു. 2030-ലെ ഫിഫ ലോകകപ്പ് വരെയാണ് സാവിയുടെ കരാര്‍ കാലാവധി. ബാഴ്സലോണയ്ക്കൊപ്പം നിരവധി ലാ ലിഗ കിരീടങ്ങളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും, സ്പെയിനിനായി ഫിഫ ലോകകപ്പും രണ്ട് യൂറോ കപ്പുകളും നേടിയ സാവി, റൊണാള്‍ഡ് കൂമാന് പകരക്കാരനായാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32-ല്‍ മൊറോക്കോയോട് തോറ്റ് നെതര്‍ലന്‍ഡ്‌സ് പുറത്തായതിന് ശേഷമാണ് പുതിയ നിയമനം.
'നെതര്‍ലന്‍ഡ്‌സ് പുരുഷ ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി സാവി ഹെര്‍ണാണ്ടസിനെ നിയമിച്ചു. 46-കാരനായ സ്പാനിഷ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ പകരക്കാരനായാണ് ചുമതലയേല്‍ക്കുന്നത്. 2030 ഫിഫ ലോകകപ്പ് വരെയുള്ള കരാറില്‍ ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ സാവിയുമായി കരാറിലെത്തി' -അസോസിയേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
നിയമനത്തിന് ശേഷം ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സാവി തന്റെ സന്തോഷം പങ്കുവെച്ചു. താന്‍ ഒരു തരത്തില്‍ 'ഡച്ച് ഫുട്‌ബോളിന്റെ പുത്രനാണെന്ന്' പറഞ്ഞ സാവി, യോഹാന്‍ ക്രൈഫ്, റീനസ് മിഷേല്‍സ് തുടങ്ങിയ ഡച്ച് ഇതിഹാസങ്ങള്‍ എഫ്.സി ബാഴ്സലോണ അക്കാദമിയില്‍ തനിക്ക് നല്‍കിയ സ്വാധീനത്തെക്കുറിച്ചും അനുസ്മരിച്ചു. 'നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിന്റെ പരിശീലകനാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. യോഹാന്‍ ക്രൈഫ്, റീനസ് മിഷേല്‍സ് എന്നിവരുടെ ശക്തമായ സ്വാധീനത്തോടെ എഫ്.സി ബാഴ്സലോണ അക്കാദമിയില്‍ വളര്‍ന്നൊരാള്‍ എന്ന നിലയില്‍, ഡച്ച് ഫുട്‌ബോളുമായി എനിക്ക് പ്രത്യേക ബന്ധമുണ്ട്. ഒരു തരത്തില്‍ ഞാന്‍ ഡച്ച് ഫുട്‌ബോളിന്റെ മകനാണെന്ന് പറയാം. മറ്റ് പ്രമുഖ പരിശീലകരായ ലൂയി വാന്‍ ഗാല്‍, ഫ്രാങ്ക് റൈക്കാര്‍ഡ് എന്നിവരും കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും എന്നെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്' -സാവി പറഞ്ഞു.
'നെതര്‍ലന്‍ഡ്‌സിന് സമ്പന്നമായ ഫുട്‌ബോള്‍ പാരമ്പര്യവും വ്യക്തമായ കാഴ്ചപ്പാടുമുണ്ട്, അത് എന്നെ ആകര്‍ഷിക്കുന്നു. പന്തടക്കത്തില്‍ അധിഷ്ഠിതമായതും സര്‍ഗ്ഗാത്മകതയും ആവേശവുമുള്ള ആക്രമണ ഫുട്‌ബോളാണ് അത്. ജയം തന്നെയാണ് പ്രധാന ലക്ഷ്യമെങ്കിലും ഇത്തരം തനതായ ശൈലിയില്‍ വിജയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Former Spanish Opponent Who Defeated Them in the Final is Now Head Coach