ദുരിതപ്പെയ്ത്ത്; പൂഞ്ഞാറില്‍ ജീവന്‍ നഷ്ടമായത് 24കാരന്, കോലാഹലമേട്ടില്‍ ഒരാള്‍ക്കായി തെരച്ചില്‍

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അടൂര്‍മല സ്വദേശി രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം കണ്ടെത്തിയത്

ദുരിതപ്പെയ്ത്ത്; പൂഞ്ഞാറില്‍ ജീവന്‍ നഷ്ടമായത് 24കാരന്, കോലാഹലമേട്ടില്‍ ഒരാള്‍ക്കായി തെരച്ചില്‍
dot image

കൊച്ചി: ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയെത്തുടർന്ന് രണ്ട് പേരുടെ ജീവൻ നഷ്ടമായതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. ഇടുക്കിയിലെ അടൂര്‍മലയിലും കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുമുണ്ടായ പ്രകൃതിദുരന്തത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മയായ സുമതിയാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അടൂര്‍മല സ്വദേശി രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്തിന് 500 അടിയോളം താഴെ നിന്ന് കണ്ടെത്തിയത്.

സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന രവിയെയും മകന്‍ രാജേഷിനെയും അത്ഭുതകരമായാണ് രക്ഷിച്ചത്. പരിക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏറെ ദുഷ്കരമായിരുന്നു അടൂർമലയിലെ രക്ഷാപ്രവർത്തനം. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായിരുന്നു.

പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 24കാരന് ജീവന്‍ നഷ്ടമായി. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ജോണിയുടെ മകന്‍ ജോസ്വിന്‍ ആണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.  മലയില്‍ നിന്ന് ഉരുള്‍ പൊട്ടി വരികയായിരുന്നുവെന്ന് പ്രദേശവാസിയായ മനീഷ് പറഞ്ഞു.

അതേസമയം, ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് വീടിനുള്ളില്‍ കുടുങ്ങിപ്പോയ പ്രഭാകരനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ബന്ധു ലീലാമണി രക്ഷപ്പെട്ടു.

കനത്ത മഴയില്‍ പത്തനംതിട്ട റാന്നിയും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. പമ്പാനദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനാൽ പ്രധാന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വിവിധ സ്ഥലങ്ങളിൽ ട്രാൻസ്ഫോർമറുകളും ലൈനും വെള്ള പൊക്കം മൂലം മുങ്ങിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടാവതിരിക്കാൻ 11 Kv ഫീഡറുകൾ സബ് സ്റ്റേഷനിൽ നിന്നും ഓഫ് ചെയ്തു.

കോന്നി നെല്ലിക്കാപാറയില്‍ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സീതത്തോട് വീടുകളില്‍ വെള്ളം കയറി. കക്കാട്ട് ആറിലെ ജലനിരപ്പ് ഉയര്‍ന്നു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. പേട്ട ജംഗ്ഷന് സമീപം വെള്ളം കയറി. മാമുക്ക് ചെറിയ പാലത്തിന് സമീപം വെള്ളമെത്തി. ഇട്ടിയപ്പാറയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.

മലപ്പുറം വടക്കേമണ്ണയിൽ മണ്ണിടിച്ചിലുണ്ടായി. കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

Content Highlights: kerala rain alert updates

dot image
To advertise here,contact us
dot image