

സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയുടെ തോല്‍വി വേദനാജനകമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. എന്നാല്‍ ടീമിന്റെ യാത്രയിലും നേട്ടങ്ങളിലും താന്‍ അഭിമാനിക്കുന്നുവെന്ന് താരം വ്യക്തമാക്കി. ടീമിന്റെ തിരിച്ചുവരവുകളും, രാജ്യത്തിന്റെ പിന്തുണയും, തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളില്‍ എത്തിയ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് നന്ദി അറിയിച്ച മെസ്സി, കിരീടം നേടിയ സ്‌പെയിനിനെ അഭിനന്ദിച്ചു.
നാല് വര്‍ഷം മുമ്പത്തെ മറക്കാനാകാത്ത ലോകകപ്പ് വിജയത്തിന്റെ കരുത്തില്‍ അര്‍ജന്റീന തങ്ങളുടെ കിരീടം നിലനിര്‍ത്താനാണ് പോരാടിയത്. ലയണല്‍ മെസ്സിയുടെ നായകത്വത്തില്‍, റൗണ്ട് ഓഫ് 32-ല്‍ ഈജിപ്തിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചും, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷങ്ങളില്‍ അതിശയകരമായ തിരിച്ചുവരവ് നടത്തിയും 'ലാ അല്‍ബിസെലെസ്റ്റെ' തങ്ങളുടെ ശക്തമായ പോരാട്ടവീര്യം തെളിയിച്ചിരുന്നു. എന്നാല്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ പരിശീലനത്തിലിറങ്ങിയ സ്‌പെയിന്‍ ടീം അര്‍ജന്റീനയുടെ ലോകകപ്പ് വാഴ്ചയ്ക്ക് വിരാമമിട്ട് കിരീടം സ്വന്തമാക്കി.
തോല്‍വിക്ക് ശേഷം മെസ്സി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ;
'ഈ വേദന വലുതാണ്. മുറിവുണങ്ങാന്‍ സമയമെടുക്കും. എങ്കിലും നല്ല നിമിഷങ്ങളെയും ഞാന്‍ ചേര്‍ത്തുപിടിക്കുന്നു. നമ്മള്‍ തിരികെ പിടിച്ച മത്സരങ്ങള്‍, സര്‍വ്വതും നല്‍കി നടത്തിയ പോരാട്ടങ്ങള്‍, നമ്മുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കുന്ന മത്സരങ്ങള്‍, ഒരു രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ, ഒപ്പം ടീമിന്റെ കഠിനാധ്വാനവും ശ്രമവും. ഇവയെല്ലാം ചേര്‍ന്നാണ് നമ്മെ വീണ്ടും ലോകത്തിലെ മികച്ചവരുടെ കൂട്ടത്തില്‍ എത്തിച്ചത്. ഇന്ന് നമ്മള്‍ കൈവരിച്ച നേട്ടത്തിന്റെ മൂല്യം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ ഈ ടീം തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിലാണ് എത്തിയത്. ഓരോ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. അര്‍ജന്റീനക്കാരനായതിലെ വലിയ അഭിമാനം പങ്കുവെച്ചുകൊണ്ട് ഒരു രാജ്യമായി ഒരുമിച്ചു നില്‍ക്കാന്‍ നമുക്ക് വീണ്ടും സാധിച്ചു. ചാമ്പ്യന്‍ഷിപ്പ് വിജയിച്ച സ്‌പെയിനിനെയും ഞാന്‍ അഭിനന്ദിക്കുന്നു,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍, 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ നിര്‍ണ്ണായക ഗോളിലൂടെയാണ് സ്‌പെയിന്‍ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം നേടിയത്. ഇതോടെ പരാജയമറിയാതെയുള്ള തങ്ങളുടെ കുതിപ്പ് യൂറോപ്യന്‍ റെക്കോര്‍ഡായ 38 മത്സരങ്ങളിലേക്ക് നീട്ടാനും സ്‌പെയിനായി.
content highlights: "The pain is immense, this wound will take a long time to heal.." - Lionel Messi