

സൗദിയെ എതിരില്ലാത്ത നാലുഗോളിന് കീഴടക്കിയാണ് സ്‌പെയിൻ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചാണ് സ്‌പെയിൻ വിജയവഴിയിലെത്തിയത്. സൂപ്പർതാരം യമാൽ ലോകകപ്പിലെ ആദ്യ ഗോളും സ്വന്തമാക്കി. എന്നാൽ ഇരട്ടഗോൾ നേടിയ സ്‌ട്രൈക്കർ മിക്കേൽ ഒയർസബാൽ സൗദി പ്രതിരോധത്തെ വെള്ളംകുടിപ്പിച്ചു. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിൽ നിന്ന് ഒരു ഉഗ്രൻ തിരിച്ചുവരവായിരുന്നു താരത്തിന്റേത്.
കഴിഞ്ഞ മത്സരത്തിൽ സ്‌പെയിനിനെ ഞെട്ടിച്ചാണ് കേപ് വെർദെയെന്ന കുഞ്ഞൻ രാജ്യം സമനിലയും ലോകകപ്പിൽ ഒരു പോയന്റുമായും മടങ്ങിയത്. സ്പാനിഷ്‌നിരയെ പിടിച്ചുകെട്ടിയ കേപ് വെർദെ യൂറോ ചാമ്പ്യൻമാരെ ഒരു ഗോളുപോലും അടിക്കാൻ സമ്മതിച്ചില്ല. മത്സരത്തിൽ സ്‌പെയിനിന്റെ സ്‌ട്രൈക്കറായ മിക്കേൽ ഒയർസബാലിന്റെ പ്രകടനം തീർത്തും മോശമായിരുന്നു.
ലോകകപ്പ് ചരിത്രത്തിലെ നാണംകെട്ട ഒരു റെക്കോഡും ഒയർസബാലിന്റെ പേരിലായിരുന്നു. കേപ് വെർദെയ്‌ക്കെതിരായ കളിയാരംഭിച്ച് 30 മിനിറ്റോളം ഒയർസബാലിന് പന്ത് ഒന്ന് തൊടാൻ പോലും കിട്ടിയിരുന്നില്ല. 1966 ലോകകപ്പിനു ശേഷം ഒരു ലോകകപ്പ് മത്സരത്തിന്റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്തിൽ സ്പർശിക്കാൻ അവസരം ലഭിക്കാത്ത ആദ്യ താരമെന്ന നാണക്കേടാണ് ഇതോടെ ഒയർസബാലിന്റെ പേരിലായത്.
രണ്ടാം മത്സരത്തിൽ ഇതിനെല്ലാം കളത്തിൽ തന്നെ താരം മറുപടി നൽകി. രണ്ട് എണ്ണംപറഞ്ഞ ഗോളുകളിലൂടെ ഒയർസബാൽ സ്പെയിനിന്റെ ഹീറോയായി മാറി. 21-ാം മിനിറ്റിലാണ് ഒയർസബാൽ ആദ്യ ഗോൾ നേടുന്നത്. കോർണറിന് പിന്നാലെ സൗദി ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം താരം വലകുലുക്കി.
മിനിറ്റുകൾക്കകം താരം മത്സരത്തിലെ രണ്ടാം ഗോളും നേടി. പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് സ്‌പെയിൻ നടത്തിയ മികച്ച നീക്കമാണ് ഗോളിലേക്ക് വഴിവെച്ചത്. ബോക്‌സിനുള്ളിൽ നിന്ന് ലപോർട്ടയുടെ ഹെഡർ ഒരു ഇടംകാലൻ ഷോട്ടിലൂടെ ഒയർസബാൽ വലയിലാക്കി.
Content highlights: