

പരിക്കാണ് ബ്രസീലിന് ഇപ്പോള്‍ വില്ലന്‍. ഫുട്‌ബോള്‍ ലോകകപ്പില്‍ ഹെയ്തിക്കെതിരായ മത്സരത്തില്‍ റഫീന്യയ്‌ക്കേറ്റ പരിക്ക് ടീമിന് കടുത്ത ആഘാതമായി. താരത്തിന്റെ തുടയ്‌ക്കേറ്റ പരിക്ക് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു.
താരത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചെന്നും തിരിച്ചുവരവിനുള്ള കഠിന പരിശ്രമത്തിലാണെന്നും ടീം വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പിലേക്ക് ഇനി തിരിച്ചെത്താനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് നിഗമനം. അതേസമയം, പരിക്കേറ്റ് പുറത്തായിരുന്ന നെയ്മര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും. സ്‌കോട്‌ലന്‍ഡിനെതിരെ താരം കളിക്കുമെന്നാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി അറിയിച്ചത്.
അമേരിക്കന്‍ ലോകകപ്പിന് ബ്രസീലിനെ ഏറെവലച്ചത് പരിക്കാണ്. എഡര്‍ മിലിറ്റാവോ. എസ്താവോ തുടങ്ങിയ താരങ്ങളെല്ലാം പരിക്കേറ്റ് ലോകകപ്പ് നഷ്ടമായവരാണ്. റോഡ്രിഗോയ്ക്കും പരിക്ക് വില്ലനായി അവതരിച്ചത് ലോകകപ്പ് നഷ്ടപ്പെടാനിടയാക്കി.
ഇതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍. നെയ്മറിനെ പരിക്ക് വകവെക്കാതെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അടുത്ത മത്സരത്തില്‍ നെയ്മര്‍ തിരിച്ചെത്തുമെന്ന ആശ്വാസത്തിനിടെയാണ് റഫീന്യ പരിക്കേറ്റ് പുറത്താകുന്നത്.
content highlights: Neymar returns, Raphinha sits out; injuries continue to plague Brazil