

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ന് താജിക്കിസ്താനിലെ ടാല്‍കോ അരീനയിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. താജികിസ്താനെതിരെയുള്ള രണ്ട് മത്സരത്തിൽ ഒന്നിൽ ഇന്ത്യ തോറ്റതോടെ ഫിഫ റാങ്കിങ് പട്ടികയിൽ തങ്ങളുടെ സ്ഥാനം ഉയർത്താം എന്ന ആഗ്രഹത്തിനും മങ്ങൽ വീണിരിക്കുകയാണ്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു താജിക്കിസ്ഥാന്റെ ജയം.
പെനാലിറ്റിയിലൂടെ ആയിരുന്നു ഇന്ത്യയ്‌ക്കെതിരെ താജിക്കിസ്ഥാൻ വല കുലുക്കി തുടങ്ങിയത്. ശേഷം 62, 68 എന്നി മിനുറ്റുകളിലും താജിക്കിസ്ഥാൻ ഇന്ത്യയുടെ വല തുളച്ചു. മത്സരത്തിന്റെ 89 -ആം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആ ആശ്വാസ ഗോൾ പിറന്നത്. ഇന്ത്യയ്ക്കായി ഫാറൂഖ് ചൗധരിയാണ് ഗോൾ നേടിയത്.
നേരത്തെ, ലണ്ടനില്‍ നടന്ന യൂണിറ്റി കപ്പ് ഫുട്ബോളില്‍ ജമൈക്ക, സിംബാബ്വേ ടീമുകള്‍ക്കെതിരെ കളിച്ച ഇന്ത്യ രണ്ടിലും തോറ്റിരുന്നു. ഇതിനുശേഷമാണ് ഇന്ത്യ താജികിസ്താനിലേക്ക് പറന്നത്. യൂണിറ്റി കപ്പിനിടെ പരിക്കേറ്റ റയാന്‍ വില്യംസ് ഇന്ന് കളത്തിലിറങ്ങിയിരുന്നില്ല. പകരക്കാരനായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം പാര്‍ഥിബ് ഗൊഗോയിയെയാണ് ടീമിൽ എത്തിച്ചത്.
Content highlight: India vs Tajikistan International friendly football match result