ചെന്നൈയെക്കാള്‍ ശക്തരാണ് മുംബൈ ഇന്ത്യന്‍സ്; എല്‍ ക്ലാസിക്കോയില്‍ മുംബൈയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍താരം

ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന് ചെപ്പോക്കില്‍

ചെന്നൈയെക്കാള്‍ ശക്തരാണ് മുംബൈ ഇന്ത്യന്‍സ്; എല്‍ ക്ലാസിക്കോയില്‍ മുംബൈയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍താരം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് എല്‍ ക്ലാസിക്കോ മത്സരങ്ങളാണ്. ചെപ്പോക്കിലെ മത്സരത്തിന് മുമ്പ് ആരാധക വാഗ്വാദങ്ങളും ധാരാളം. ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍വെച്ച് ചെന്നൈ തോല്‍പ്പിച്ചിരുന്നു. ആരാധകര്‍ ഏറ്റവുമധികം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്നത്തെ മത്സരത്തിന് മുമ്പ് പ്രസ്താവനയുമായി എത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനേക്കാള്‍ കടലാസില്‍ മുന്‍തൂക്കം മുംബൈ ഇന്ത്യന്‍സിനാണെന്നാണ് മുഹമ്മദ് കൈഫിന്റെ പ്രതികരണം. കടലാസില്‍ മുംബൈ കൂടുതല്‍ ശക്തരാണെന്നും എന്നാല്‍ അവരുടെ സമീപകാല പ്രകടനം മോശമാണെന്നും കൈഫ് പറയുന്നു. മുംബൈ ഇന്ത്യന്‍സില്‍ ധാരാളം പ്രതിഭകളുണ്ട്. പരിചയ സമ്പന്നരായ താരങ്ങളും മുംബൈ ഇന്ത്യന്‍സിന്റെ കൂടെയാണുള്ളത്. താരസമ്പന്നമായ ടീമാണെങ്കിലും സമീപകാലത്തെ ഫോം ടീമിന് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഇതുവരെ എട്ടുമത്സരങ്ങളില്‍നിന്നായി രണ്ടുമത്സരം മാത്രമാണ് മുംബൈ ജയിച്ചിരിക്കുന്നത്. ആറുമത്സരം തോറ്റു. അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ നാലെണ്ണവും തോറ്റിട്ടുണ്ട്. അവസാനം ഹൈദരാബാദിനെതിരെ കളിച്ചപ്പോള്‍ ആറുവിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. അതിന് മുമ്പ് ചെന്നൈയോട് കളിച്ചപ്പോള്‍ 103 റണ്‍സിന്റെ നാണക്കേടിന്റെ തോല്‍വിയായിരുന്നു ഫലം. പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരോടും തോറ്റു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരോട് മാത്രമാണ് മുംബൈക്ക് ജയിക്കാനായത്. ഐപിഎലിലെ നടപ്പുസീസണില്‍ മുംബൈ ഇന്ത്യന്‍സിന് ഇനി പ്ലേ ഓഫ് സാധ്യത ഇല്ല.

അതിനാല്‍ത്തന്നെ ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിക്കുക എന്നാകും ടീമിന്റെ ലക്ഷ്യം. വില്‍ ജാക്‌സ് ടീമിലെത്തിയത് വലിയ ആവേശം നല്‍കുന്നുണ്ട്. ആദ്യകളിയില്‍ത്തന്നെ 22 പന്തില്‍ 46 റണ്‍സെടുത്താണ് താരം ടീമിന്റെ പ്രതീക്ഷയേറ്റിയത്. റയാന്‍ റിക്കെള്‍ട്ടനും ഫോമിലാണ്. കഴിഞ്ഞമത്സരത്തില്‍ സെഞ്ചുറി നേടിയ താരം മുംബൈയുടെ സ്‌കോറിങ് വേഗത്തിലാക്കിയിരുന്നു. 55 പന്തില്‍ 123 റണ്‍സെടുത്ത റിക്കെള്‍ട്ടണ്‍ എട്ട് സിക്‌സും 10 ഫോറും നേടിയിരുന്നു. സൂര്യകുമാര്‍ യാദവ് ഇപ്പോഴും ഫോമിലേക്കെത്തിയിട്ടില്ല. തിലക് വര്‍മയും കാര്യമായ ബാറ്റിങ് ട്രാക്കിലേക്ക് എത്താത്തതും ടീമിന് തിരിച്ചടിയാണ്. ജസ്പ്രീത് ബുംറയടങ്ങുന്ന മികച്ച ബൗളിങ് സംഘമുണ്ടെങ്കിലും ടീമിന്റെ വിജയത്തിനുതകുന്ന പോരാട്ടം കാഴ്ചവെയ്ക്കാനാകുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

content highlights: Mumbai Indians are stronger than Chennai; Former Indian cricketer backs Mumbai in the IPL El Clasico

dot image
To advertise here,contact us
dot image